പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ധന സഹായത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് ഫണ്ട് നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനില്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് എന്നിവര്‍ അതത് പഞ്ചായത്തുകളുടെ ഫണ്ട് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍ മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് ചികിത്സയ്ക്കായി സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ നടത്തുന്ന പഞ്ചായത്തുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് നല്‍കുന്നത്. ഇതിനായി പഞ്ചായത്തുകള്‍ പ്രത്യേക പ്രോജക്ട് തയ്യാറാക്കി അംഗീകാരം നേടണം. ഈ പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയാണു നീക്കി വച്ചിരിക്കുന്നത്. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ഉദ്പാദന പ്ലാന്റ് സ്ഥാപിക്കല്‍, ആംബുലന്‍സ് വാങ്ങി നല്‍കല്‍, വെന്റിലേറ്റര്‍ സ്ഥാപിക്കല്‍, ജില്ലയിലെ കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതി തുടങ്ങി വിവിധ പ്രോജക്ടുകള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ടു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.