തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പനവൂര്‍ പഞ്ചായത്തില്‍ അക്ഷരച്ചെപ്പ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി പനവൂര്‍ ഗ്രാമപഞ്ചായത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ പഠന പദ്ധതിയാണ് അക്ഷരച്ചെപ്പ്. ഡി കെ മുരളി എം എല്‍ എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അടൂര്‍ പ്രകാശ് എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സുനിത എസ് , പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.