കോഴിക്കോട്: നിപ കാലത്തും പ്രളയ പ്രദേശങ്ങളിലും കോവിഡിനെതിരെയും സമാനതകളില്ലാത്ത സേവനമാണ് റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാഘടകത്തിന്റെ വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൻഡ്രേറ്ററുകളും നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന് ആശ്വാസമാകുന്ന പ്രവര്‍ത്തനമാണ് വെന്റിലേറ്ററും ഓക്‌സിജന്‍ കോൺസൻഡ്രേറ്ററുകളും നല്‍കുന്നതിലൂടെ റെഡ്‌ക്രോസ് നടത്തുന്നത്. കോട്ടപറമ്പ് ആശുപത്രിയിലെ രക്തദാനം മാതൃകാപരമാണ്. റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റെഡ്ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു.
ജില്ലാകലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സബ്കലക്ടർ വി.ചെൽസസിനി നാല് താലൂക്കുകളിലെയും ചെയർമാന്മാർക്ക് ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ കൈമാറി. ബീച്ച് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് വെന്റിലേറ്ററുകൾ നൽകിയത്.
എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.നവീൻ, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി കെ. ദീപു, ട്രഷറർ രാജീവ് കുറുപ്പ്, റെഡ്ക്രോസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.