കാസർഗോഡ്: പഠനം പാതിവഴിയില്‍ മുടങ്ങിയവരെ കണ്ടെത്തി പരിശീലനം നല്‍കുന്ന പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും ഉന്നത വിജയം. കഴിഞ്ഞവര്‍ഷം ജില്ലയിലെ 22 കുട്ടികളെയും ഇത്തവണ 24 കുട്ടികളെയുമാണ് ഹോപ്പ് പദ്ധതില്‍ ഉപരിപഠനത്തിന് യോഗ്യരാക്കിയത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെയും കാസര്‍കോട് കണ്‍ട്രോള്‍ റൂമിന്റെ മുകളില്‍ സൗകര്യപ്രദവും ആകര്‍ഷകവുമായ ക്ലാസ് മുറിയൊരുക്കി കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രഹികള്‍ തയ്യാറാക്കിയും ക്ലാസിനിടയില്‍ ചായയും ലഘുഭക്ഷണവും നല്‍കിയുമെല്ലാം കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു പോലീസ്. അഡീഷണല്‍ പോലിസ് സൂപ്രണ്ട് ഹരീശ്ചന്ദ്രനായിക്, എസ്.ഐ രാജീവന്‍, സി.പി.ഒമാരായ ദിനൂപ്, സുനീഷ്, വിജേഷ്, നിവില്‍ എന്നീവരും മോട്ടിവേറ്ററും അധ്യാപകനുമായ നിര്‍മ്മല്‍കുമാര്‍ കാടകവുമാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സേനയിലെ അധ്യാപക യോഗ്യതയു പോലിസുദ്യോഗസ്ഥര്‍ തന്നെയാണ് ഹോപ്പിലെ കുട്ടികളെ പഠിപ്പിക്കുന്നതും. എന്നാല്‍ ഈ വര്‍ഷം ഇവരെ കൂടാതെ താല്‍പര്യപൂര്‍വ്വം ചില അദ്ധ്യാപകരും ഇതിന്റെ ഭാഗമായത് വളരെ സഹായകരമായതായി അഡീഷണല്‍ പോലിസ് സുപ്രണ്ട് ഹരീശ്ചന്ദ്രനായിക് പറഞ്ഞു.