മില്‍മ മലബാര്‍ മേഖല യൂണിയന്റെ ക്ഷീര സദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മമ്പാട് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ക്ഷീര കര്‍ഷകയായ ടി.പി ബീനക്കാണ് മില്‍മ മമ്പാട് ആശാരിക്കുന്നില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കിയത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വലിയ  മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളതെന്നും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുള്ള സഹായമെത്തിച്ചാണ്  സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.  ക്ഷീര കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് മില്‍മ ആരംഭിച്ചതെന്നും മില്‍മയുടെ പദ്ധതികള്‍ അത്രയേറെ ജനക്ഷേമകരമായതുകൊണ്ടാണ് ജനങ്ങള്‍ കൈ നീട്ടി സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ അംഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയാണ് ക്ഷീര സദനം. മേഖലയിലെ ആറ്  ജില്ലകളിലാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി പരിപാടിയില്‍ അധ്യക്ഷനായി. മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ഉമൈമത്ത്, മേഖലാ യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.പി.മുരളി, മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി അംഗം.ടി.പി.ഉസ്മാന്‍, പി.ആന്‍ഡ്.ഐ വിഭാഗം സീനിയര്‍ മാനേജര്‍ കെ.സി.ജെയിംസ്,  മമ്പാട് ക്ഷീര സംഘം പ്രസിഡന്റ് സണ്ണി ജോസഫ്, പുഷ്പരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.