തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതനില്‍ ടാഗോര്‍ പ്രതിമ അനാച്ഛാദനം ചെയ്തു
കണ്ണൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പുതുക്കിപ്പണിത ടാഗോര്‍ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളുടെ മികവില്‍ ലോകശ്രദ്ധയാകര്‍ഷിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ശ്രമകരമായ ജനകീയ വിദ്യാഭ്യാസ ഇടപെടലുകളുടെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 60 ലക്ഷത്തിലധികം പേരാണ് പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി കടന്നു വന്നത്.
മികച്ച അധ്യാപനം, പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയാണ് പൊതുവിദ്യാലയങ്ങളെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശസ്ത വെങ്കല ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ 1992 ലാണ് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ രവീന്ദ്ര നാഥ ടാഗോറിന്റെ 10 അടി ഉയരം വരുന്ന കോണ്‍ക്രീറ്റ് ശില്‍പം നിര്‍മ്മിച്ചത്. 29 വര്‍ഷങ്ങള്‍ക്കുശേഷം 2021 ല്‍ സ്‌കൂള്‍ കെട്ടിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്പം സ്‌കൂളിന് മുന്നിലേക്ക് മാറ്റുക ശ്രമകരമായതോടെയാണ് അദ്ദേഹത്തിന്റെ മകനും ശില്‍പിയുമായ ചിത്രന്‍ കുഞ്ഞിമംഗലം അനുയോജ്യമായ പീഠം നിര്‍മ്മിച്ച് ശില്‍പത്തെ കേടുപാടുകള്‍ തീര്‍ത്ത് വെങ്കല നിറത്തില്‍ പൂര്‍ത്തീകരിച്ചത്.
തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുര്‍ഷിദ കൊങ്ങായി അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി രജില, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പ്രസന്ന, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ പാര്‍വതി മീര, ഹെഡ്മാസ്റ്റര്‍ തോമസ് ഐസക്, സ്റ്റാഫ് സെക്രട്ടറി പി വി രാജേഷ്, പിടിഎ, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.