കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പച്ചക്കറികള്‍ ദീര്‍ഘകാലത്തേക്ക് ശീതികരിച്ച് സംഭരിക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും നഗര വഴിയോര കാര്‍ഷിക വിപണിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാര്‍ഷിക പ്രതീകമായ കേര കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനാണ് സര്‍ക്കാര്‍ കേരഗ്രാമം പദ്ധതി നടപ്പാക്കി വരുന്നത്. രോഗങ്ങളും, ഉല്‍പാദനക്ഷമതക്കുറവും, വിലക്കുറവും തീര്‍ക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ കേരഗ്രാമങ്ങള്‍ക്ക് സാധിക്കുമെന്നും കേരം തിങ്ങും കേരളമായി വീണ്ടും സംസ്ഥാനത്തെ മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ സജീവ ഇടപെടലുകള്‍ നടത്താന്‍ നമുക്ക് സാധിച്ചു. മികച്ച ഉല്‍പാദനമുണ്ടാക്കുന്നതിനൊപ്പം തന്നെ വിളകള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് പ്രധാനം.
വഴിയോര കാര്‍ഷിക ചന്തകള്‍ വഴി ശുദ്ധമായ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ സാധിക്കും. കാര്‍ഷിക ഉല്‍പന്നങ്ങളെ ദീര്‍ഘകാലം സംഭരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയാല്‍, പ്രത്യേക സീസണില്‍ മാത്രം ലഭിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളെ എല്ലാ സമയത്തും ലഭ്യമാക്കാന്‍ കഴിയും. സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഗുണകരമാകും – മന്ത്രി പറഞ്ഞു.തെങ്ങ് കൃഷിയുടെ സമഗ്രവികസനവും ശാസ്ത്രീയ പരിചരണവും ഉല്‍പാദന വര്‍ധനവും ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ 50.17 ലക്ഷം രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. രാസവളം, കുമ്മായം, ജൈവവളം, തടം തുറക്കുന്നതിനും രോഗബാധയേറ്റ് നശിച്ച തെങ്ങുകള്‍ മുറിച്ച് മാറ്റി പകരം തെങ്ങ് വെക്കുന്നതിനുള്ള ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിക്കും. കൂടാതെ പമ്പ് സെറ്റ്, തെങ്ങ് കയറ്റ യന്ത്രം, ജൈവവള നിര്‍മാണ യൂണിറ്റ് എന്നിവ സബ്‌സിഡി നിരക്കില്‍ ലഭിക്കും.
കൂവോട് വായനശാല പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ മുര്‍ഷിദ കൊങ്ങായി അധ്യക്ഷയായി. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി ലത ആദ്യ വില്‍പന നടത്തി. നഗരസഭ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം കെ ഷബിത, കൗണ്‍സിലര്‍ ഡി വനജ, കണ്ണൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം കെ പത്മം, കൃഷി അസി. ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സി വി ജിതേഷ്, തളിപ്പറമ്പ് കൃഷി അസി. ഡയറക്ടര്‍ സുജ കാരാട്ട്, കൃഷി ഓഫീസര്‍ കെ സപ്ന, കര്‍ഷകര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.