എറണാകുളം: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ മരിച്ച ഒഡിഷയിലെ കണ്ടമൽ സ്വദേശി കാർത്തികേശ്വർ നായിക്കിന്റെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ജൂലൈ 20 ചൊവ്വാഴ്ച രാവിലെ 5.30 ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് കാർത്തികേശ്വർ നായിക്കിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്.

ഭൗതികശരീരം ഭുവനെശ്വർ വിമാനത്താവളത്തിൽ നിന്ന് കണ്ടമലിലുള്ള വസതിയിലേക്ക് എത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നഭ്യർശിച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് കണ്ടമൽ ജില്ലാ കളക്ടർക്ക് ഇമെയിൽ സന്ദേശം അയക്കുകയും ചെയ്തു.

പെരുമ്പാവൂരിൽ ഉള്ള പ്ലൈവുഡ് കമ്പനിയിൽ തൊഴിൽ എടുത്ത് വരികയിരുന്ന കാർത്തികേശ്വർ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയും പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എ. ജയപ്രകാശ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് അതിഥി തൊഴിലാളിയുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് നിർദേശിച്ചു. സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ നിന്ന് അനുവദിച്ചിട്ടുള്ള റിവോൾവിംഗ് ഫണ്ട് ഉപയോഗിച്ച് മൃതദേഹം വിമാനമാർഗ്ഗം സ്വദേശത്തെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അതിവേഗം പൂർത്തിയാക്കി.