ആവേശമായി ‘മാനിയ’; ജൂലൈ ഒന്നിന് 
കൊച്ചി: ചെങ്ങമനാട് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞം മാനിയ നാടിനാകെ മാതൃകയാകുന്നു. പ്ലാസ്റ്റിക്കിനെ പുറത്താക്കുക എന്ന ഭഗീരഥപ്രയത്‌നം പഞ്ചായത്തില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവില്‍ അടുത്ത മാസം ഒന്നിന് സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത പഞ്ചായത്തെന്ന പട്ടികയില്‍ ചെങ്ങമനാട് പഞ്ചായത്തിനും സ്ഥാനം ലഭിക്കും. ജൂലൈ ഒന്നിന് യാചക നിരോധിത പഞ്ചായത്തായും പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായും ചെങ്ങമനാട് മാറും.
കോഴിക്കോടുള്ള നിറവിന്റെ പ്രവര്‍ത്തന മാതൃകയാണ് ചെങ്ങമനാടും സ്വീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റി അയക്കുന്ന രീതി. ഓരോ വീടുകളില്‍ നിന്നും ശേഖരിച്ച് ലോറികളില്‍ കയറ്റി മൈസൂരിലേക്ക് അയക്കും. പ്ലാസ്റ്റിക് സംസ്‌കരിച്ച് പുതിയ ഉല്പനങ്ങള്‍ നിര്‍മ്മിക്കും. പരിപാടിയില്‍ ജനങ്ങളെ സഹകരിപ്പിക്കുക എന്നതു തന്നെയായിരുന്നു പഞ്ചായത്തിനു മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി മൈക്ക് അനൗണ്‍സ്‌മെന്റുകളും ലഘുലേഖവിതരണവും നടത്തി. സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം സ്വയം ശേഖരിച്ച് സൂക്ഷിക്കണം. മാസത്തിലൊരിക്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓരോ വീട്ടിലുമെത്തി മാലിന്യം ശേഖരിച്ച് കയറ്റി അയക്കും. വാഹന ചെലവിനായി ഓരോ വീട്ടുകാരും നൂറു രൂപ നല്‍കണം.
ആദ്യം ഭൂരിഭാഗം പേരുടെയും പിന്തുണ പദ്ധതിക്കു ലഭിച്ചു. പക്ഷേ നൂറു രൂപ നല്‍കാന്‍ കഴിവില്ലാത്തവരും പഞ്ചായത്തിലുണ്ട്. അവര്‍ ഇതില്‍ നിന്നും ഒഴിഞ്ഞു നിന്നു. പിന്നീട് പഞ്ചായത്ത് പ്രത്യേക ഫണ്ട് വാഹന ചെലവിനു വേണ്ടി വകയിരുത്തി. ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നത് ഒഴിവാക്കി. അപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന മാലിന്യത്തിന്റെ അളവ് കൂടിയതായി പഞ്ചായത്ത് പ്രസിഡന്റ്  ദിലീപ് കപ്രശ്ശേരി പറഞ്ഞു.
ആറു മാസം കൂടുമ്പോള്‍ 25 ലോറി മാലിന്യങ്ങളാണ് കയറ്റി അയക്കുന്നത്. ഒരു ലോഡിന് 24,000 രൂപയ്ക്കടുത്ത് ചെലവ് വരും. ചെലവ് പൂര്‍ണമായും പഞ്ചായത്ത് ഏറ്റെടുത്താണ് ഇപ്പോള്‍ നടത്തുന്നത്. ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിരോധിക്കാനാണ് തീരുമാനം. പകരം തുണി സഞ്ചികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഇതിനായി ആറ് തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരാണ് പദ്ധതിയുടെ മുന്‍നിരയിലുള്ളത്. വീടുകളിലും ബാഗുകള്‍ വിതരണം ചെയ്യും. ഓരോ സ്ഥാപനങ്ങളിലും കടകളിലും വീടുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന  സന്ദേശം നല്‍കിയായിരിക്കും നിരോധനം കൊണ്ടുവരിക.
കുട്ടികളെ തട്ടികൊണ്ടു പോകല്‍ മോഷണം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി യാചക നിരോധിത പഞ്ചായത്തായി പ്രഖ്യാപിക്കാനും തയാറെടുക്കുകയാണ് ചെങ്ങമനാട്. ഇനി മുതല്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആക്രി സാധനങ്ങള്‍ എടുക്കാനും കച്ചവടത്തിനായും ഇതരസംസ്ഥാനക്കാര്‍ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ ആദ്യം പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല എന്നു തെളിയിക്കണം. പോലീസ് പഞ്ചായത്തിനെ വിവരമറിയിക്കുന്നതോടൊപ്പം പഞ്ചായത്ത് സീല്‍ വച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതുമായി മാത്രമേ വീടുകളില്‍ കയറാവൂ. മാത്രമല്ല സുരക്ഷയുടെ ഭാഗമായി റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.