ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ

പരിമിതിയ്ക്കുള്ളില്‍ നിന്ന് ലഭ്യമായ വിഭവങ്ങള്‍ ജനകീയമായ രീതിയില്‍ സുതാര്യമായി ചെലവഴിച്ച് സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റശേഷം ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രസിഡന്റ് നയം വ്യക്തമാക്കിയത്. വിവര സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സുതാര്യമാക്കാനുമാണ് ലക്ഷ്യം. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും ജില്ലാ പഞ്ചായത്ത് അംഗമെന്നനിലയിലും നല്‍കിയ സഹകരണവും പിന്തുണയും തുടര്‍ന്നും നല്‍കണമെന്നും സഹഅംഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും നിര്‍വ്വഹണോദ്യോഗസ്ഥരോടും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
എഡിഎം കെ.എം രാജു പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ്, ടി. ഉഷാകുമാരി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.പി. കരീം, എ.എന്‍. പ്രഭാകരന്‍, സി.പി. വര്‍ഗ്ഗീസ്, എന്‍.കെ.റഷീദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

രാഷ്്രടീയ ധാരണയനുസരിച്ചാണ് പടിഞ്ഞാറത്തറ ഡിവിഷന്‍ കൗണ്‍സിലറായ കെ.ബി.നസീമ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മുസ്ലീം ലീഗ് പ്രതിനിധിയാണ്.