കാസർഗോഡ്: ജില്ലയിൽ മുപ്പതോ അതിലധികമോ കോവിഡ് പോസിറ്റീവ് കേസുകൾ ഉള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി എട്ട് വാർഡുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി ഡി കാറ്റഗറിയിൽ വരുന്ന തരം കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഇവയെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കും.

ഈ പ്രദേശങ്ങളിൽ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിർബന്ധമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നിലവിൽ പോസിറ്റീവ് ആയ വ്യക്തികൾ ക്വാറൻൈറൻ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ: കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, കാറ്റഗറി ബി, 48 കേസുകൾ. ശേഷിച്ച വാർഡുകൾ കാറ്റഗറി സിയിലാണ്. ചെറുവത്തൂർ അഞ്ചാം വാർഡ്, 41 കേസുകൾ. കിനാനൂർ -കരിന്തളം ഏഴാം വാർഡ്, 39 കേസുകൾ. കോടോം-ബേളൂർ മൂന്ന്, 13 വാർഡുകൾ, യഥാക്രമം 69, 30 കേസുകൾ. പള്ളിക്കര 12ാം വാർഡ്, 32 കേസുകൾ. കുമ്പള 16ാം വാർഡ്, 36 കേസുകൾ. പനത്തടി അഞ്ചാം വാർഡ്, 35 കേസുകൾ.