കാസർഗോഡ്:സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിജ്ഞാന സമ്പദ്ഘടനയ്ക്കും സ്ത്രീ ശാക്തീകരണത്തിനും കേരള നോളജ് മിഷനും പ്രാധാന്യം നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 500 സ്ത്രീകളെ പ്രത്യേക ഫൗണ്ടേഷൻ കോഴ്സോടെ ബിരുദധാരികളാക്കും.

ഇതിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യൂനിവേഴ്സിറ്റിയുമായും കിലയുമായും ചേർന്ന് ജില്ലയുടെ സമഗ്രമായ ഡിമാൻഡ് മാപ്പിങ്ങ് നടത്താനും ധാരണയായി. ജില്ലാ കുടുംബശ്രീ, സാക്ഷരത മിഷനുകളുടെ നേതൃത്വത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ ശകുന്തള, ഗീതാകൃഷ്ണൻ, അഡ്വ. സരിത എസ് എൻ, ഷിനോജ് ചാക്കോ, ജാസ്മിൻ കബീർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി. തമ്പാൻ, കുടുംബശ്രീ ഡിഎംസി ടി ടി സുരേന്ദ്രൻ, സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീജൻ പുന്നാട്, ആസൂത്രണ സമിതി അംഗം വിദ്യാധരൻ കെ ജി എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ നന്ദി പറഞ്ഞു.