കാസർഗോഡ്: ജില്ലയിൽ ഏറ്റവും കുറവ് ടി.പി.ആർ. രേഖപ്പെടുത്തിയ പഞ്ചായത്തുകളിൽ രണ്ടാം സ്ഥനത്ത് ഈസ്റ്റ് എളേരി പഞ്ചായത്ത്. ഒരാഴ്ചത്തെ ടിപിആർ പ്രകാരം ബി കാറ്റഗറിയിലാണെങ്കിലും പഞ്ചായത്ത് ടി.പി.ആർ 5.05 ലെത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്തിന്റെയും

ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ 40 വയസിന് മുകളിലുള്ള ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാർഡ് തലത്തിലും കോളനികൾ കേന്ദ്രീകരിച്ചും ആന്റിജൻ/ആർടിപിസിആർ പരിശോധന നടത്തി വരികയാണ്. ആവശ്യമെങ്കിൽ പോസിറ്റീവായവരെ നല്ലോംപുഴയിലെ ഡൊമിസിലറി കെയർ സന്ററുകളിലേക്ക് മാറ്റും. പഞ്ചായത്തിന്റെയും മാഷ് പ്രവർത്തകരുടെയും നേതൃത്വത്തിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

ആരോഗ്യപ്രവർത്തകരും പഞ്ചായത്തംഗങ്ങളും ജനങ്ങളുമടങ്ങുന്ന സംയുക്ത പ്രതിരോധമാണ് ഈസ്റ്റ് എളേരിയിയിൽ നടപ്പാക്കുന്നത്. വാർഡ് തല ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളും മൈക്രോ ക്ലസ്റ്റർ സംവിധാനവും ഫലപ്രദമായി മുന്നോട്ട് പോകുന്നു. ഇതോടൊപ്പം ആയുർവ്വേദത്തിന്റെ പരിചരണവും പഞ്ചായത്ത് രോഗികൾക്ക് ഉറപ്പ് വരുത്തുന്നു. കോവിഡിനോട് അനുബന്ധിച്ച് രോഗികൾക്ക് അവരുടെ പൂർവ്വ സ്ഥിതി വീണ്ടെടുക്കാൻ ആരംഭിച്ച സ്വാസ്ഥ്യം, സുഖായുഷ്യം പോലുള്ള ആയുർവ്വേദ പദ്ധതികളിലെ മരുന്നുകൾ ആശാവർക്കർ, വാർഡ് മെമ്പർമാർ തുടങ്ങിയവരിലൂടെ രോഗികളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നുണ്ട്.

രോഗവ്യപനം കുടിയ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പൂർണ്ണമായും അടച്ചിടൽ പ്രഖ്യാപിച്ച പഞ്ചായത്താണ് ഈസ്്റ്റ് എളേരി. തുടർന്ന് ലോക്ഡൗണിന് ശേഷം കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ പഞ്ചായത്ത് ഭരണസമിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും കാറ്റഗറി നോക്കാതെ തുറക്കാൻ അനുമതി നൽകി. അതിനായി സ്ഥാപന ഉടമകളെയും ജീവനക്കാരെയും കൂടാതെ ഓട്ടോ/ടാക്സി ഡ്രൈവർമാരെയും കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി.

എല്ലാ ദിനവും കടകൾ പ്രവർത്തിക്കുന്നതിനാൽ പൊതുസ്ഥങ്ങളിലെത്തുന്ന ആളുകളെ നിയന്ത്രിക്കാനും അവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തംമാക്കൽ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി. ഇതുവഴി ഇവരിലൂടെയുള്ള സമ്പർക്കവ്യാപനം കുറച്ചു.

കൂടാതെ രോഗികൾക്ക് സഹായമായി 24 മണിക്കൂറും സൗജന്യമായി പ്രവർത്തിക്കുന്ന ആംബുലൻസും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തോളമായി ആംബുലൻസ് രോഗികൾക്കായി സജ്ജീകരിച്ചിട്ട്. കോവിഡ് രോഗികളെ സഹായത്തിനായെത്തുന്ന ഈ ആംബുലൻസിന്റെ സേവനം മറ്റ് രോഗികൾക്കും ലഭ്യമാണ്.