കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആയുര്‍വേദ ഔഷധനിര്‍മ്മാണ വ്യവസായ സഹകരണ സംഘം (ഭേഷജം) ഉല്‍പ്പാദിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള കൗണ്ടര്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ തുടങ്ങി. കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എ.ഡി.എം സാജിത ബീഗത്തിന് നല്‍കി നിര്‍വഹിച്ചു.

200 രൂപയുടെ കഞ്ഞിക്കൂട്ടിന് 50 രൂപ വിലക്കിഴിവുണ്ട്. ഞവരഅരി, മല്ലി, ആശാളി, ചുക്ക്, ചെറുപുന്നയരി, കുടകപ്പാലയരി, കാര്‍കോകിലരി, ജീരകം, അയമോദകം, വിഴാലരി, തക്കോലം, ശതകുപ്പ, പുത്തരിച്ചുണ്ടവേര്, വരട്ടുമഞ്ഞള്‍, കടുക്, നറുനീണ്ടി, കരിഞ്ചീരകം, ഏലയ്ക്ക, ഗ്രാമ്പു തുടങ്ങിയ ഔഷധങ്ങളാണ് കഞ്ഞിക്കൂട്ടിലുള്ളത്.ഭേഷജം ബോര്‍ഡ് മെമ്പര്‍ ഡോ. അനില്‍കുമാര്‍, ഭേഷജം സെക്രട്ടറി വിജയകുമാര്‍, മെഡിക്കല്‍ വിദഗ്ധന്‍ ഡോക്ടര്‍ ജഗത്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.