പാലക്കാട്: അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ആദിവാസി വിഭാഗത്തില്‍ 45 വയസിന് മുകളിലുള്ള 9454 പേരില്‍ 8725 പേര്‍ വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ചവര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളത്. ഇത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. 18 നും 44 നും ഇടയില്‍ പ്രായമുള്ള 12854 പേരില്‍ 5602 പേര്‍ വാക്‌സിന്‍ എടുത്തതായും (43.58 ശതമാനം) മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഊരുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കുന്നത്.

മൂന്നാം തരംഗം പ്രതിരോധിക്കാന്‍ സജ്ജീകരണങ്ങള്‍

അട്ടപ്പാടി മേഖലയില്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേകമായി 30 ഓക്‌സിജന്‍ കിടക്കകള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും അഗളി സി.എസ്.എല്‍.ടി.സി.യുമായി സജ്ജീകരിച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യാനുസരണം കൂടുതല്‍ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതാണ്.