വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികള്‍ ശനിയാഴ്ച്ച ( ജൂലൈ 24) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍, നവീകരിച്ച ജില്ലാ ടി ബി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നത്. ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് അതത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങുകളില്‍ എം.എല്‍.എമാര്‍ മുഖ്യാതിഥികളായിരിക്കും.

*മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം*
മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പാടിവയലിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒന്നര കോടി രൂപ ഇതിനായി ചെലവിട്ടു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ഏജന്‍സി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യം മൂന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ആതുരാലയമാണ് മൂപ്പൈനാട്.

കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിട നിര്‍മ്മാണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം. താഴെ നിലയില്‍ 8,285 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലായി ഒ.പി ടിക്കറ്റ് കൗണ്ടര്‍, പ്രീ ചെക്കപ്പ് മുറി, 3 ഒ.പി റൂമുകള്‍, കാത്തിരിപ്പ് സ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, കുത്തിവെപ്പ് ഏരിയ, അന്വേഷണം- രജിസ്‌ട്രേഷന്‍- റെക്കോര്‍ഡ് റൂം, ഡ്രസ്സിങ് റൂം/ മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇഞ്ചക്ഷന്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, നിരീക്ഷണ മുറി, സ്ത്രീ- പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേകം വസ്ത്രം മാറാനുള്ള മുറികള്‍, നെബുലൈസേഷന്‍ കോര്‍ണര്‍, ശ്വാസ്/ആശ്വാസ്/പാലിയേറ്റീവ് റൂം എന്നിവയുണ്ട്. ഒന്നാമത്തെ നിലയില്‍ ഓഫീസ് മുറി, ഫീല്‍ഡ് ജീവനക്കാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ 7,855 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുങ്ങി. നിലവില്‍ വടുവഞ്ചാല്‍-ഊട്ടി റോഡില്‍ വില്ലേജ് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ് മുപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

*ആന്റിനാറ്റല്‍ ട്രൈബല്‍ ഹോം*
ഹോം ഡെലിവറി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ആന്റിനാറ്റല്‍ ട്രൈബല്‍ ഹോം (ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍). പ്രസവത്തോടനുബന്ധിച്ച ദിവസങ്ങളില്‍ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. വയനാട്ടില്‍ 7 കേന്ദ്രങ്ങളാണ് ഒരുങ്ങിയത്. ഇതില്‍ നൂല്‍പ്പുഴ, വാഴവറ്റ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇതിനകം കഴിഞ്ഞു. വൈത്തരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ (2 യൂണിറ്റുകള്‍ വീതം), അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം (1 യൂണിറ്റ്) എന്നിവിടങ്ങളിലെ 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങളാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. എല്ലാ കേന്ദ്രങ്ങളുമായി 43 ലക്ഷം രൂപയാണ് എന്‍എച്ച്എം വഴി ചെലവിട്ടത്. ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണ ഏജന്‍സി.

*നവീകരിച്ച ജില്ലാ ടി ബി സെന്റര്‍*
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലാ ടിബി സെന്റര്‍ നവീകരണം പൂര്‍ത്തിയായി. എന്‍എച്ച്മ്മിന്റെ 20 ലക്ഷം രൂപ ചെലവില്‍ എച്ച് .എല്‍. എല്‍ ആണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.