കാസർഗോഡ്: സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഉത്തര മലബാറിലെ ആദ്യത്തെ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി, ടാങ്കര്‍ ലോറി, കാലിബ്രേഷന്‍ യൂണിറ്റ് നിര്‍മ്മാണ പ്രവൃത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര് അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയില്‍ ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യുണിറ്റ് ആരംഭിക്കുന്നത് സമീപ ജില്ലകള്‍ക്കടക്കം ഉപകാരപ്രദമാണെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്താവ് നല്കുന്ന തുകയ്ക്ക് ആനുപാതികമായി അളവു തൂക്കങ്ങളില്‍ കൂടുതല്‍ കൃത്യത ഉറപ്പ് വരുത്താന്‍ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറിയിലിലൂടെ സാധിക്കും. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
ബട്ടത്തൂരില്‍ നടന്ന ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. ലീഗല്‍ മെട്രോളജി കോഴിക്കോട് ജോയിന്റ് കണ്ട്രോളര് ഇന്‍ ചാര്‍ജ്ജ് രാജേഷ് സാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഗീത, ബി എച്ച് ഫാത്തിമത്ത് ഷംന, പഞ്ചായത്ത്അംഗം എം. ഗോപാലന്, നിര്‍മ്മിതി കേന്ദ്രം പ്രതിനിധി ആര്.സി ജയരാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി കുഞ്ഞിരാമന്, എം.പി.എം ഷാഫി, സി.കെ ബാബുരാജ്, കെ.ഇ.എ ബക്കര്‍, അഡ്വ.കെ ശ്രീകാന്ത്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എം. അനന്തന് നമ്പ്യാര്‍, പി.ടി നന്ദകുമാര്‍, ദിനേശന് പൂച്ചക്കാട്, അന്‍ഫര്‍ സദാത്ത്, സുരേഷ് പുതിയേടത്ത്, വി. കുമാരന്, ഹരീഷ് വി. നമ്പ്യാര്‍, അസീസ് കടപ്പുറം, ടി.വി ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. ലീഗല്‍ മെട്രോളജി വകുപ്പ് കണ്ട്രോളര് കെ.ടി വര്‍ഗ്ഗീസ് പണിക്കര്‍ സ്വാഗതവും കാസര്‍കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് പി ശ്രീനിവാസ നന്ദിയും പറഞ്ഞു.
കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാത-66 ന് സമീപം പനയാല്‍ വില്ലേജിലെ ബട്ടത്തൂരിലാണ് സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി, ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റിനുള്ള കെട്ടിടം നിര്‍മ്മിക്കുക. 1.95 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്. താഴത്തെ നിലയില്‍ സെക്കന്ററി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളും ഫ്രണ്ട് ഓഫീസും രണ്ടാം നിലയില്‍ ഓഫീസുകളും വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളും മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും അടങ്ങുന്നതാണ് നിര്‍ദ്ദിഷ്ട കെട്ടിടം.
ജില്ലയിലെ ടാങ്കര്‍ ലോറികള്‍ നിലവില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളെയാണ് കാലിബ്രേഷന്‍ നടത്തുന്നതിനായി ആശ്രയിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂനിറ്റില്ല.
ഓയില്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കാലിബ്രേഷന്‍ യൂണിറ്റ് ഉപയോഗിച്ചാണ് മംഗളൂരുവില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നത്. കാസര്‍കോട് ജില്ലയില്‍ ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് ഒരുങ്ങുന്നതോടെ ജില്ലയ്ക്ക് മുതല്‍കൂട്ടാകും.കാസര്‍കോട് നിന്നും 15 കിലോ മീറ്ററും കാഞ്ഞങ്ങാട് നിന്ന് 20 കിലോ മീറ്ററുമാണ് ബട്ടത്തൂരിലേക്കുള്ള ദൂരമെന്നതും അനുകൂല ഘടകമാണ്.
ചെറുകിട കച്ചവടക്കാര്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ്, ജ്വല്ലറി, പെട്രോള്‍ പമ്പുകള്‍, വെയിംഗ്ബ്രിഡ്ജ് തുടങ്ങി വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത് ലീഗല്‍ മെട്രോളജി ഓഫീസിലുള്ള വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചാണ്. ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഉപയോഗിക്കുന്ന വര്‍ക്കിങ് സ്റ്റാന്‍ഡേര്‍ഡുകളുടെ കൃത്യത ഉറപ്പുവരുത്തുന്നത് നിലവില്‍ എറണാകുളത്തുള്ള സെക്കന്‍ഡറി സ്റ്റാന്റേഡ് ലാബിലാണ്. കാസര്‍കോട് ജില്ലയില്‍ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി വരുന്നതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് ലാബാണ് യാഥാര്‍ഥ്യമാകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലീഗല്‍ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറില്‍ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായി കാസര്‍കോട് മാറും.