തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഹ ചികിത്സയ്ക്കായുള്ള സ്റ്റെന്റ് വിതരണം സുഗമമാക്കുന്നതിന് അംഗീകൃത വിതരണ കമ്പനിയുമായി ആശുപത്രി അധികൃതര്‍ സൂപ്രണ്ട് ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ധാരണയായി. സ്റ്റെന്റ് വിതരണത്തില്‍ തടസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

വിതരണ കമ്പനിക്ക് നല്‍കാനുള്ള 2018 ജനുവരി വരെയുള്ള കുടിശിക തുക അടച്ചുതീര്‍ത്തിട്ടുണ്ട്. ബാക്കിയുള്ള തുക 90 ദിവസത്തിനകം ബില്ല് ലഭിക്കുന്ന മുറയ്ക്ക് നല്‍കുന്നതാണ്. 2013 മുതലുള്ള പഴയ കുടിശിക തുകയുടെ ബില്ല് നല്‍കുന്ന മുറയ്ക്ക് ചികിത്സാ രേഖകളുമായി പരിശോധിച്ച് തീര്‍പ്പാക്കുന്നതാണെന്ന് ചര്‍ച്ചയില്‍ തീരുമാനമെടുത്തു.

മെഡിക്കല്‍ കോളേജില്‍ സ്റ്റെന്റിന് ദൗര്‍ലഭ്യം നേരിട്ടിട്ടില്ലെന്നും ഹൃദയസംബന്ധമായ ചികിത്സകള്‍ തടസം കൂടാതെ നടക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കമ്പനി അധികൃതരുമായുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു. സ്റ്റെന്റ് വിതരണം സുഗമമാക്കുന്നിന് എല്ലാ സഹകരണവും കമ്പനി പ്രതിനിധികളും ഉറപ്പ് നല്‍കിയിട്ടുണ്ട്.