ആലപ്പുഴ: തുല്യതാ പരീക്ഷ എഴുതാനായി പല പരീക്ഷാ കേന്ദ്രങ്ങളിലും എത്തുന്നത് ഒരു വീട്ടില്‍ നിന്നുതന്നെയുള്ള ഉറ്റവര്‍. ഒരു വീട്ടില്‍ നിന്നും നാല് പേര്‍ പരീക്ഷ എഴുതുന്നത് മാവേലിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. ഇതില്‍ ഇരട്ട സഹോദരിമാരുമുണ്ട്. ചെങ്ങന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠിതാക്കളായിരുന്ന അമലയും അഖിലയും ഇരട്ട സഹോദരിമാരാണ്. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ സ്വപ്നാരാജും സുജിതകുമാരിയും ഇവര്‍ക്കൊപ്പം പരീക്ഷ എഴുതും. ഇവര്‍ നാലുപേരും കൊമേഴ്‌സ് വിഭാഗം ഒന്നാം വര്‍ഷ തുല്യതാ പഠിതാക്കളാണ്.

കൂടാതെ അമ്മയും മകളും, ഉമ്മയും മകനും, ഭാര്യയും ഭര്‍ത്താവും, ഇരട്ട സഹോദരങ്ങള്‍ തുടങ്ങി ഉറ്റവരായ നിരവധി പേര്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതാനായി വിവിധ കേന്ദ്രങ്ങളിലെത്തും. ജൂലൈ 26 മുതല്‍ 31 വരെയാണ് തുല്യതാ പരീക്ഷ നടക്കുന്നത്. ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആകെ 1559 പേരാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതില്‍ 1022 പേര്‍ സ്ത്രീകളാണ്. എസ്.സി. വിഭാഗത്തില്‍പ്പെട്ട 230 പേരും എസ്.ടി. വിഭാഗത്തില്‍ നിന്നും രണ്ടുപേരും തുല്യതാ പരീക്ഷ എഴുതും.
പുലിയൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ പുലിയൂര്‍ കിഴക്കതില്‍ എം.ടി. രാധാമണി തന്റെ മകള്‍ സുനിതയുടെ കൈ പിടിച്ചാവും പരീക്ഷയ്ക്ക് എത്തുക. അമ്മയും മകളും മാവേലിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷ എഴുതുക.

പൂച്ചാക്കല്‍ ഏലൂര്‍ നികര്‍ത്തില്‍ സൈനബ ബീവിയും മകന്‍ അബ്ദുള്‍ ഇര്‍ഫാനും തിരുനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് തുല്യതാ പഠനം നടത്തിയത്. ഇരുവരും ചേര്‍ത്തല ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതും. ഭരണിക്കാവ് ബ്ലോക്കിലെ പഠിതാക്കളായിരുന്ന ജലജയും മകള്‍ ചിത്രയും മാവേലിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി പരീക്ഷ എഴുതും. ഇവര്‍ പാലമേല്‍ പഞ്ചായത്തിലാണ് താമസിക്കുന്നത്.

പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന ദമ്പതിമാരുമുണ്ട്. ചെങ്ങന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച് പരീക്ഷ എഴുതുന്ന ഷിബുരാജനും ഭാര്യ അശ്വതിയും ഹ്യുമാനിറ്റീസ് ബാച്ചില്‍ ഒരേ ക്ലാസിലെ പഠിതാക്കളായിരുന്നു. ഇരുവരും രണ്ടാം വര്‍ഷ പരീക്ഷയാണ് എഴുതുന്നത്. മാവേലിക്കര സ്‌കൂളിലാണ് ഇവരുടെ പരീക്ഷാകേന്ദ്രം. ഭരണിക്കാവ് പഞ്ചായത്തില്‍ നിന്നുള്ള ദമ്പതിമാരായ ശ്രീകുമാറും ശ്രീകുമാരിയും മാവേലിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി പരീക്ഷ എഴുതും. ചേര്‍ത്തല ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏംഗല്‍സ് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷ എഴുതുമ്പോള്‍ തൊട്ടടുത്ത ബഞ്ചിലിരുന്ന് ഭാര്യ ദിവ്യ രണ്ടാം വര്‍ഷ പരീക്ഷ എഴുതും. തിരുനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠിതാക്കളായ ഇവര്‍ തൈക്കാട്ടുശേരി പഞ്ചായത്തിലാണ് താമസിക്കുന്നത്.

ഇതേ സ്‌കൂളില്‍ തണ്ണീര്‍മുക്കം സ്വദേശികളായ രജിമോനും ഭാര്യ നിഷയും തുല്യതാ പരീക്ഷ എഴുതും. ചേര്‍ത്തല ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് സഹോദരങ്ങള്‍ പരീക്ഷയ്ക്ക് എത്തും. പാണാവള്ളി നിധീഷ് ഭവനത്തില്‍ നിസമോള്‍ പി.കെ, സരിഗ പി.കെ, നിധീഷ് കെ എന്നിവര്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയാണ് എഴുതുക. നിധീഷ് സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യതയും പത്താം തരം തുല്യതയും വിജയിച്ചാണ് ഇപ്പോള്‍ ഹയര്‍ സെക്കണ്ടറിയില്‍ എത്തിയത്.