ഇടുക്കി: ഫുട്പാത്തിലെ അനധികൃത കച്ചവടം ഒഴിവാക്കുന്നതിനും സീബ്രാലൈനുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭാ ഓഫീസില്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

ഓടകളുടെ മുകളില്‍ സ്ലാബ് ഇടുന്നതിന്, വിശദമായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും സീബ്രാ ലൈനുകള്‍ വരയ്ക്കുന്നത് മഴ മാറുന്ന മുറയ്ക്ക് നടത്തുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. അടിയന്തിരമായി ചെയ്യേണ്ട ചിലയിടങ്ങളിലെ ജോലികള്‍ നിലവിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസിന്റെ തുടക്കം മുതല്‍ ഉള്ള അനധികൃത പാര്‍ക്കിംഗ്, പുളിമൂട് ജംഗ്ഷന്‍ മുതല്‍ കിഴക്കേ അറ്റം വരെയുള്ള റോഡിലെ തിരക്കു സമയത്തെ ലോഡിംഗ്-അണ്‍ലോഡിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രാഫിക് അഡൈ്വസറി കമ്മറ്റി ഉടനടി വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫുട്പാത്തുകളിലെ അനധികൃത കച്ചവടം തുടങ്ങി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പുറത്തേക്ക് നീട്ടിയെടുത്തിരിക്കുന്ന അനധികൃത നിര്‍മ്മാണം വരും ദിവസങ്ങളില്‍ നഗരസഭ, പിഡബ്ല്യൂഡി, പോലീസ്, NULM എന്നിവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുവെന്നും ഫൈന്‍ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കച്ചവടക്കാര്‍ ഇതൊരറിയിപ്പായി കാണണമെന്നും സ്വയമേ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എന്‍ജിനീയര്‍ ബിബിന്‍ ജോര്‍ജ്ജ്, ഓവര്‍സിയര്‍ അജിത് കൃഷ്ണന്‍, തൊടുപുഴ എസ്.ഐ ബൈജു പി., നഗരസഭ അസി.എഞ്ചിനീയര്‍ സുധീപ് എ.എസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്കുമാര്‍, നഗരസഭ സിറ്റി മിഷന്‍ മാനേജര്‍ ജോണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.