എറണാകുളം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചി മേയർ അഡ്വ എം. അനിൽകുമാറും ജില്ലാ കളക്ടർ ജാഫർ മാലിക്കും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 2500 പേർക്കാണ് വാക്സിൻ നൽകുന്നത്.

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനൊപ്പം ടൂറിസം മേഖലയിലെ പുനരുജ്ജീവന പദ്ധതികളുടെ ഭാഗമായയാണ് മാസ്സ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത് . മരട് ബിടിഎച്ച് സരോവരത്തിൽ നടക്കുന്ന വാക്സിനേഷൻ ഡ്രൈവ് ജൂലൈ 23 ന് സമാപിക്കും. ഏഴ് രജിസ്ട്രേഷൻ കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത് . മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്സിനേഷൻ ഡ്രൈവ് സംഘടപ്പിച്ചിരിക്കുന്നത്. വെയ്റ്റിംഗ് ഏരിയ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

ടൂറിസം മേഖലയിലെ എല്ലാവർക്കും വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവ് ടൂറിസം കേന്ദങ്ങളെ സമ്പൂർണ വാക്സിനേറ്റഡ് മേഖലകളാക്കി മാറ്റും. ടൂർ ഓപ്പറേറ്റർമാർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഗൈഡുകൾ, ഹൗസ്‌ ബോട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, തുടങ്ങിയവർ ഉൾപ്പെടുന്ന ടൂറിസം മേഖയിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും 2021 ജൂലൈ 31 ന് മുമ്പ് വാക്സിനേഷൻ ഡ്രൈവ് നടത്തും. ആദ്യമായി കോവിഡ് വാക്സിൻ എടുക്കുന്നവർക്കും രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കും വാക്സിൻ ഡ്രൈവിന്റെ സേവനം പ്രയോജനപ്പെടുത്താം.

ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റ്റി ജി. അഭിലാഷ് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, മുൻപ്രസിഡന്റ് ഏബ്രഹാം ജോർജ് , സെക്രട്ടറി ജോസ് പ്രദീപ്, തുടങ്ങിയവർ വാക്സിനേഷൻ ഡ്രൈവ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.