പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള 7.02 കിലോമീറ്റർ റോഡിന്റെ നിർമാണോദ്ഘാടനം 23ന് വൈകുന്നേരം നാലുമണിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കിഫ്ബി ധനസഹായത്തോടെ പുനരുദ്ധാരണം നടത്തുന്ന പഴകുറ്റി- മംഗലപുരം റോഡിന്റെ ആദ്യ ഭാഗമാണിത്. പുനരുദ്ധാരണം തെക്കൻ കേരളത്തിന്റെ വാണിജ്യമേഖലയിൽ ഉണർവിനൊപ്പം തദ്ദേശ വികസനത്തിനും കാരണമാകും. നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആനാട്, വെമ്പായം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലാപുരം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന് 19.8 കിലോമിറ്റർ നീളമാണുള്ളത്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 120.95 കോടി രൂപയ്ക്ക് കിഫ്ബി സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്. ഒന്നാംഘട്ടമായ ഏഴു കിലോമീറ്റർ വരുന്ന പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഭാഗത്തിന് കെ.ആർ.എഫ്.ബി.-ബി.എം.യു. പ്രോജക്ട് ഡയറക്ടർ 42.54 കോടി രൂപയുടെ സാങ്കേതികാനുമതി നൽകിയിട്ടുണ്ട്. റോഡിന്റെ പുനരുദ്ധാരണം നടക്കുന്നതോടെ നെടുമങ്ങാട് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലേയും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും സ്ഥലത്തെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും സാധിക്കും.