എറണാകുളം: സ്വന്തം നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേരള ചിക്കൻ പദ്ധതി ഒരു വർഷത്തിനിപ്പുറം വിജയത്തിളക്കത്തിൽ. ജില്ലയിൽ പ്രതിദിനം 100 മുതൽ 150 വരെ കോഴികളെയാണ് വിൽപ്പന നടത്തുന്നത്. മാർക്കറ്റ് വിലയേക്കാൾ രണ്ട് രൂപ കുറച്ചാണ് ഉപഭോക്താക്കൾക്ക് കേരള ചിക്കൻ നൽകുന്നത്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയ്ക്കാണ് നടത്തിപ്പ് ചുമതല.
പദ്ധതി ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ ജില്ലയിൽ നിലവിൽ 51 ഫാമുകളും 22 വിപണന കേന്ദ്രങ്ങളുമാണുള്ളത്. പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഏഴിക്കര സിഡിഎസിന് കീഴിലാണ് ആദ്യ കേരള ചിക്കൻ സംരംഭം ആരംഭിച്ചത്. 51 ഫാമുകളിൽ ഒരു ദിവസം പ്രായമായ 1000 മുതൽ 5000 വരെ കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കും. ഈ കോഴി കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വാക്സിൻ എന്നിവ കമ്പനി സൗജന്യമായി നൽകും. കോഴിക്കുഞ്ഞുങ്ങൾക്ക് 45 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ കമ്പനി തിരിച്ചെടുക്കും. ശരാശരി 10 രൂപ വരെ ഫാമുകൾക്ക് വളർത്തു കൂലിയും നൽകും. തിരിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളെ വിപണന കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കച്ചവടക്കാരന് 14 രൂപ കിലോയ്ക്ക് മാർജിൻ ലഭിക്കും. ശരാശരി 80,000 രൂപ വരെ പ്രതിമാസം കച്ചവടക്കാരന് ലാഭം ലഭിക്കും.
കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങൾക്കോ ആണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ 100 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് പദ്ധതിയിൽ അംഗമാകാം. കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് സ്ഥലം പരിശോധിക്കുകയും ഫാം അല്ലെങ്കിൽ വിപണനകേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തമാണെങ്കിൽ അനുമതി നൽകുകയും ചെയ്യും. പദ്ധതി ആരംഭിക്കുന്നതിന് ഗുണഭോക്താക്കൾക്ക് കുടുംബശ്രീ വഴി ലോൺ ലഭ്യമാണ്. ഒന്നരലക്ഷം രൂപ വരെ നാല് ശതമാനം പലിശനിരക്കിൽ ഇതിനായി ലഭിക്കും. രണ്ടര വർഷമാണ് തിരിച്ചടവ് കാലാവധി.
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സൂപ്പർവൈസർമാർ ഫാമുകൾ നേരിട്ട് സന്ദർശിച്ചതിനുശേഷമാണ് ഫാമുകൾക്ക് അനുമതി നൽകുന്നത്. കേരള ചിക്കൻ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ വിപണനത്തിനും മറ്റും മാർക്കറ്റിങ് എക്സിക്യൂട്ടീവിനെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലവിൽ നഷ്ടത്തിൽ ആണെങ്കിലും ഫാമുകളും വിതരണ കേന്ദ്രങ്ങളും ലാഭത്തിൽ ആണെന്ന് കമ്പനി അധികൃതർ പറയുന്നു.
*ജില്ലയിലെ 22 കേരള ചിക്കൻ വിപണന കേന്ദ്രങ്ങൾ*
ഏഴിക്കര, മുളവുകാട് (3), ശ്രീമൂലനഗരം (2), ആലങ്ങാട് (2), ആവോലി, കുഴുപ്പിള്ളി, കൂവപ്പടി, വാഴക്കുളം (2), ഞാറക്കൽ, പള്ളിപ്പുറം, എടത്തല, മുളന്തുരുത്തി, പയ്യൽ, ചിറ്റാറ്റുകര, എളങ്കുന്നപ്പുഴ , നീലേശ്വരം, പറവൂർ.