കോഴിക്കോട്: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിൽ ഇന്ന് (ജൂലൈ 23 ) കോവിഡ് 19 മെഗാപരിശോധനാ ക്യാമ്പ് നടത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോർപറേഷൻ പരിധി ലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടത്തുക.

ജില്ലയിൽ ടി പി ആർ നിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഗാ പരിശോധന നടത്തുന്നത്.
കൂടുതൽ സമ്പർക്ക സാധ്യതയുള്ള തൊഴിലിൽ ഏർപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവർ, കോവിഡ് രോഗിയുള്ള വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ, കോവിഡ് ലക്ഷണങ്ങളുള്ളവർ തുടങ്ങിയവർ മെഗാ ക്യാമ്പിൽ പങ്കെടുക്കണം.

കൂടുതൽ പേരെ പരിശോധിച്ച് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തി അവരെ ക്വാറൻ്റയിനിലാക്കുകയാണ് ലക്ഷ്യം. അല്ലാത്തപക്ഷം പോസിറ്റീവായ രോഗികളെ കണ്ടെത്താതെ പോവുകയും അവർ കൂടുതൽ പേരിലേക്ക് രോഗം പടർത്തുകയും ചെയ്യും. അത് വഴി ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുത്തനെ വർധിക്കുകയും ദീർഘകാലം ലോക് ഡൗൺ തുടരേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ മുഴുവനാളുകളും കോവിഡ് മെഗാ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്നും ക്യാമ്പ് നടത്താനുള്ള ക്രമീകരണങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .വി.ജയശ്രീ അറിയിച്ചു .