കോഴിക്കോട്: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലും കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും കോവിഡ് പ്രതിരോധ അവലോകന യോഗം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് പരിശോധന വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് കൺട്രോൾ റൂം പുനരാരംഭിക്കണം. ഇതിൽ അധ്യാപകരേയും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താം. കമ്യൂണിറ്റി കിച്ചൺ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
നിർണയിക്കുന്നത് അശാസ്ത്രീയമായാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലെ വിവാഹ – മരണാനന്തര ചടങ്ങുകളിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഡി കാറ്റഗറിയിൽ പെടുന്ന പഞ്ചായത്തുകളിൽ പുറത്തിറങ്ങുന്ന ആളുകളുടെ കൈവശം ആർ.ടി .പി. സി.ആർ അല്ലങ്കിൽ ആൻ്റിജൻ പരിശോധന ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻ്റയിൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് മാറ്റണമെന്നും കലക്ടർ നിർദേശിച്ചു. ആശാ വർക്കർമാരെ കൂടി ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ മാരും സെക്രട്ടറിമാരും പങ്കെടുത്തു