ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം കെ.എം. ബാബു നിര്‍വഹിച്ചു. സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസ അധ്യക്ഷയായിരുന്നു. തൊടുപുഴ എ.ഇ.ഒ കെ.കെ. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ പ്രസിഡന്റ് സിജു ജോസഫ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ജേക്കബ് ജോണ്‍, സെക്രട്ടറി പി.കെ. സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
50 വര്‍ഷത്തിലധികമായി കോലാനി ജനരഞ്ജിനി ലൈബ്രറിയില്‍ സേവനമനുഷ്ഠിക്കുന്ന സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥിനെ ചടങ്ങില്‍ ആദരിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്‍മദിനമായ ജൂലൈ 7 വരെയാണ് വായനാപക്ഷമായി ആചരിക്കുന്നത്. പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വായനാപ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. സ്‌കൂള്‍തലത്തില്‍ വിജയികളാകുന്ന ഓരോ വിഭാഗത്തിലെയും ഒരാള്‍ക്ക് വീതം താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തില്‍ വിജയികളാകുന്നവര്‍ക്കും ജില്ലയിലെ ലൈബ്രറികളില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും താലൂക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കവിതാലാപന മത്സരം സംഘടിപ്പിക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മത്സരങ്ങള്‍ ജൂണ്‍ 30നകം നടത്തും.
