എറണാകുളം :സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച ജില്ലയിലെ വിവിധ പദ്ധതികൾ ജൂലൈ 24 ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
റീജിയണൽ വാക്സിൻ സ്റ്റോർ, കടവന്ത്ര, മങ്ങാട്ടുമുക്ക് നഗരകുടുംബാരോഗ്യകേന്ദ്രങ്ങൾ, തൈക്കാവ്, പിണർമുണ്ട, ഉളിയന്നൂർ ഹെൽത്ത് ആൻ വെൽനെസ്സ് സെന്ററുകൾ എന്നിവയുടെ ഉദ്ഘാടനമാണ് ഓൺലൈനായി മുഖ്യമന്ത്രി നിർവഹിക്കുന്നത്. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിക്കും.
റീജിയണൽ വാക്സിൻ സ്റ്റോർ
ഇടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിനോട് ചേർന്നാണ് എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള റീജിയണൽ വാക്സിൻ സ്റ്റോറിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 499 സ്ക്വയർ മീറ്ററുള്ള സ്റ്റോറിന്റെ നിർമ്മാണത്തിനായി 3.66 കോടി രൂപയാണ് അടങ്കൽ തുക. എറണാകുളം ജില്ലക്ക് പുറമെ, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടിയുള്ള വാക്സിനുകൾ ഇടപ്പള്ളിയിലെ റീജിയണൽ വാക്സിൻ സ്റ്റോറിലാണ് സൂക്ഷിക്കുക. ഇവിടെനിന്നും ജില്ലാ വാക്സിൻ സ്റ്റോറിലേക്കും അവിടെ നിന്നും താഴെത്തട്ടിലേക്കും വിതരണം ചെയ്യും.
സംസ്ഥാനത്തുതന്നെ എറ്റവും വലിയ റീജിയണൽ വാക്സിൻ സ്റ്റോറാണ് ഇടപ്പള്ളിയിലുള്ളത്. വാക്കിംഗ് കൂളർ, വാക്കിംഗ് ഫ്രീസർ, ലോജിസ്റ്റിക്, കോൾഡ് ചെയിൻ വർക്ക്ഷോപ്പ് എന്നിവക്കുള്ള സൗകര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഹൈറ്റ്സാണ് നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയത്.
ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുക്കൾ
തൈക്കാവ്, പിണർമുണ്ട, ഉളിയന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകലായി ഉയർത്തിയതിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കും. ഓരോ കേന്ദ്രങ്ങൾക്കും ശരാശരി ദേശീയ ആരോഗ്യദൗത്യം മുഖേന 7 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.
കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളായി മാറുന്നതോടെ ഇവിടങ്ങളിൽ പോഷകാഹാരക്ലിനിക്, പ്രായമായവർക്കുള്ള ആരോഗ്യസേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാ പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗ പരിശോധന, ഗർഭിണികൾക്കു പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങൾ കൂടി ലഭ്യമാകും. ഇതിനയി നിലവിലുള്ള ഒരു ജെ പി എച്ച് എൻ, ജെ എച്ച് ഐ എന്നിവർക്ക് പുറമെ ഒരു സ്റ്റാഫ് നേഴ്സിനെ കൂടി നിയമിച്ചിട്ടുണ്ട്.
ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിൽ കാത്തിരിപ്പ് മുറി, ക്ലിനിക്ക്, പ്രതിരോധകുത്തിവെയ്പ് മുറി, ഭക്ഷണം നൽകാനുള്ള മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. സിൽക്കാണ് നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയത്.
നഗര കുടുംബാരോഗ്യകേന്ദ്രങ്ങൾ
ആർദ്രം ദൗത്യത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കടവന്ത്ര, മങ്ങാട്ടുമുക്ക് ആരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുകയാണ്.
രോഗീസൗഹൃദമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ലാബ്, ഫാർമസി, കാത്തിരിപ്പ് സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 11.43 ലക്ഷം രൂപയും മങ്ങാട്ടുമുക്ക് നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 11.53 ലക്ഷം രൂപയുമാണ് പ്രവൃത്തികൾക്കായി ചെലവഴിച്ചത്. കോസ്റ്റ് ഫോർഡാണ് പ്രവൃത്തികൾ നടത്തിയത്.