മലപ്പുറം: കോവിഡ് അതിവ്യാപനം തടയുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പൊന്നാനി നഗരസഭ കോവിഡ് നിര്‍ണയ ടെസ്റ്റുകളും വാക്‌സിനേഷനും കൂടുതല്‍ ശക്തിപ്പെടുത്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നാംഡോസ് വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ ധാരണയായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്‌സിനേഷന്‍ ക്യാമ്പ്, റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പ് എന്നിവ ഫലപ്രദമായി സംഘടിപ്പിക്കുന്നതിന് നഗരസഭയില്‍ ആലോചനായോഗങ്ങള്‍ നടന്നു. മെഡിക്കല്‍ ഓസീര്‍മാര്‍, പോലീസ്, സെക്ട്രറല്‍ മജിസ്‌ട്രേറ്റ്മാര്‍, എന്നിവരുടെ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

 

നഗരസഭാ പ്രദേശത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് യോഗത്തില്‍ ധാരണയായി. റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പുകളില്‍ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് യുവജന സംഘടനകള്‍, മത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായം തേടുംതേടും. കഴിഞ്ഞ കുറേ നാളുകളായി നിരവധി ടെസ്റ്റ് ക്യാമ്പുകളാണ് നഗരസഭ സംഘടിപ്പിച്ചത്. ബീവറേജ് ഔട്‌ലെറ്റിന് മുന്നില്‍ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച ആദ്യ നഗരസഭ കൂടിയാണ് പൊന്നാനി.

 

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതലും കാര്യക്ഷമതയോടെയും വാക്‌സിന്‍ നല്‍കുന്ന പ്രാദേശിക ഭരണകൂടങ്ങളില്‍ മുന്‍പന്തിയിലാണ് പൊന്നാനി. നഗരസഭയുടെ നേതൃത്വത്തില്‍ ഇതോടകം 46,600 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. ഈഴുവത്തിരുത്തി പ്രാഥമിക കേന്ദ്രത്തിന് കീഴില്‍ 17,200 പേര്‍ക്കും താലൂക്ക് ആശുപത്രിയുടെ കീഴില്‍ 29,400 പേര്‍ക്കുമായാണ് വാക്‌സിന്‍ നല്‍കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഭിന്നശേഷികാര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ആദ്യമായി വാക്‌സിന്‍ നല്‍കിയ നഗരസഭയാണ് പൊന്നാനി. അതോടൊപ്പം സംസ്ഥാനത്ത് ആദ്യമായി ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി ഐ.എസ്.എസ്, എം.ഇ.എസ് എന്നീ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

 

ഓരോ വ്യക്തിയും കുടുംബവും കോവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്തുന്നതിന് മുഴുവനാളുകളും സന്നദ്ധരായി നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൂടെ നില്‍ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അഭ്യര്‍ത്ഥിച്ചു. വിവിധ സമയങ്ങളിലായി നടന്ന യോഗങ്ങളില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, പൊന്നാനി സി.ഐ വിനോദ്, ഡെപ്യൂട്ടി തഹസില്‍ പ്രമോദ് പി, ഡോ. ഷാജ്കുമാര്‍, ഡോ. ആഷിക് റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.