ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. വനിതാ-ശിശു ആശുപത്രിയിലെ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡി.ഇ.ഐ.സി-ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) വിപുലീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി തേങ്കുറിശ്ശി ഉൾപ്പെടെ സംസ്ഥാനത്തെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മറ്റ് 44 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്. 25 കോടി രൂപ ചെലവിലാണ് 50 ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നത്.

കോവിഡിനെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നേരിടാൻ കഴിഞ്ഞതായും രോഗ പ്രതിരോധത്തിനായി ഇതേ തയ്യാറെടുപ്പോടെയും കാഴ്ചപ്പാടോടെയും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിൽ 474 എണ്ണം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ളവയിലെ നിർമ്മാണം പൂർത്തിയായ 6 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ഇതോടൊപ്പം ആരോഗ്യ സ്ഥാപനങ്ങളിലെ കെട്ടിടങ്ങൾ, താലൂക്ക് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ആരംഭിക്കുന്ന പുതിയ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ ഒ.പി സമയം രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ ആകുകയും കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭിക്കുകയും ചെയ്യും. ഇതുമൂലം കൂടുതൽ രോഗികൾക്ക് പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഊർജിതമായി നടപ്പാക്കുന്നതായി പരിപാടിയിൽ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡിന് പുറമേ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനുള്ള കൂട്ടായ പരിശ്രമം നടത്തുമെന്നും കോവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എന്‍.എച്ച്.എം 15.5 ലക്ഷം രൂപ ചെലവഴിച്ച് കാത്തിരിപ്പ് കേന്ദ്രം, ഒ.പി കൗണ്ടര്‍, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മിതി കേന്ദ്രമാണ് പണി പൂര്‍ത്തിയാക്കിയത്.

ഗവ. വനിതാ-ശിശു ആശുപത്രിയിൽ എന്‍.എച്ച്.എം 25 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ കാത്തിരിപ്പ് സെന്റർ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സെന്‍സറി റൂം, സൗണ്ട് പ്രൂഫ് റൂം, ഭിന്നശേഷിക്കാര്‍ക്കുള്ള ശുചിമുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കും.

ഓൺലൈനായി നടന്ന പരിപാടിയിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ. എൻ. ഖോബ്രാഗഡേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.