കാസർകോട് മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടേയും മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിന്റെയും വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡി.ഡി. സന്ദീപിന്റെയും രതീഷിന്റെയും കുടുംബങ്ങൾക്ക് മന്ത്രി സജി ചെറിയാൻ കൈമാറി. കാസർകോട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ ആചാരിക സ്ഥാനികരേയും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളേയും മന്ത്രി സന്ദർശിച്ചു. ആചാര സ്ഥാനികർ പൊന്നാട അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, എം. രാജഗോപാലൻ എന്നിവർമന്ത്രിയെ അനുഗമിച്ചു. കാസർകോട് നഗരസഭ ചെയർമാൻ വി.എം. മുനീർ, മത്സ്യബോർഡ് ചെയർമാൻ പി. കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.