തീരുമാനം മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി എത്രയും വേഗം പഠന സൗകര്യം ഉറപ്പാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ഓൺലൈൻ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുമായി ജില്ലയിലെ വിദ്യഭ്യാസ ഉപഡയറക്ടർ ഓഫീസിൻ്റെ നേതൃത്വത്തിൽ വിവര ശേഖരണം നടത്തിയിട്ടുണ്ട്. സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാൻ കഴിവുള്ള വിദ്യാർത്ഥികൾ,ലോൺ സൗകര്യം ഏർപ്പെടുത്തിയാൽ ഫോൺ വാങ്ങാൻ കഴിവുള്ളവർ, ഒരു രീതിയിലും ഓൺലൈൻ പഠനസാമഗ്രികൾ വാങ്ങാൻ കഴിവില്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സമ്പൂർണ സോഫ്റ്റ് വെയർ മുഖേന കണക്കുകൾ ശേഖരിച്ചത്. ഈ കണക്കുകൾ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും കൈമാറി സ്പോൺസർഷിപ്പ് മുഖേന എത്ര മൊബൈൽ ഫോണുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് കണ്ടെത്താൻ മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി ജൂലൈ 28 ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശം നൽകി. കൂടാതെ, നിയോജക മണ്ഡലാടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ജില്ലയിലെ എം.എൽ.എ മാരുടെ യോഗം ജൂലൈ 31 ന് ചേരാനും തീരുമാനമായി.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, അസിസ്റ്റൻറ് കലക്ടർ അശ്വതി ശ്രീനിവാസൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.