തൃശ്ശൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ  വല്ലച്ചിറ ഗവൺമെൻറ് യു പി സ്കൂളും. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് പുതിയ സ്കൂൾ കെട്ടിടം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.20 കോടി വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമാണം പൂർത്തീകരിച്ചു വരുന്നത്. മുൻ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ പ്രത്യേക ഇടപെടലിൽ ലഭിച്ച തുകയാണിത്.4500 ചതുരശ്ര അടി വിസ്തീർണത്തിൽ 6 ക്ലാസ് മുറികളും 4 ശുചിമുറികളും  ഉൾപ്പെടുന്ന ഇരുനില കെട്ടിടം നിർമാണമാണ് പൂർത്തീകരിച്ചു വരുന്നത്. 2595 ചതുരശ്ര അടി വിസ്‌തീർണമുള്ള ഗ്രൗണ്ട് ഫ്ലോറിൽ വിസ്താരമേറിയ 4 ക്ലാസ് മുറികളും 2 ശുചിമുറികളുമാണുള്ളത്.

1438 ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും 2 ശുചിമുറികളുമുണ്ട്. 2 മീറ്റർ വീതിയിൽ കോണിപ്പടികളും നിർമിച്ചിട്ടുണ്ട്. ക്ലാസ് മുറികളുടെയും ശുചിമുറികളുടെയും തറയും കെട്ടിട വരാന്തകളും ടൈൽ വിരിച്ച് മനോഹരമാക്കും. ഭിന്നശേഷി വിദ്യാർത്ഥികളെ ക്ലാസ് മുറികളിലും മറ്റ് പരിശീലന മുറികളിലും എത്തിക്കുന്നതിന് റാമ്പ് സൗകര്യവും സജ്ജമാക്കും.മൂന്നുനില വരെ പണിതുയർത്താൻ സാധിക്കുന്ന വിധത്തിലാണ് കെട്ടിടത്തിന് അടിത്തറ പാകിയിരിക്കുന്നത്.

1892 ലാണ് വല്ലച്ചിറ ഗവ യുപി സ്കൂൾ സ്ഥാപിതമായത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഈ സ്കൂളിൽസഹ വിദ്യാഭ്യാസ അടിസ്ഥാനത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി 250 കുട്ടികൾ പഠിച്ചു വരുന്നു. കൂടാതെ പ്രീപ്രൈമറി സെക്ഷനിൽ ഏതാണ്ട് 50 ഓളം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.10 ക്ലാസ് മുറികളും രണ്ട് പാഠ്യേതര പരിശീലന മുറികളും പ്രധാനാധ്യാപികയ്ക്ക് മാത്രമായി ഒരു മുറിയും ഉൾപ്പെടുന്ന ഒരു കെട്ടിടം സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ
ശുചിമുറികൾ പെൺകുട്ടികൾക്ക് മാത്രമായി നാലും ആൺകുട്ടികൾക്ക് മൂന്നും ഉണ്ട്.ചുറ്റുമതിലും പഠനാവശ്യത്തിനും മറ്റ് പരിശീലനം നൽകുന്നതിനുമായി 7 കമ്പ്യൂട്ടറുകളും  സജ്ജമാക്കിയിരിക്കുന്നു. കുടിവെള്ള ആവശ്യത്തിന് സ്കൂൾ ചുറ്റുമതിലിനുള്ളിൽ തന്നെ കിണർ സൗകര്യവുമുണ്ട്. മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ്. സ്കൂൾ പിടിഎയും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.