തൃശ്ശൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഇ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഇ ഹെൽത്ത്‌ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. തുടർന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ പുതുക്കാട് നിയോജക മണ്ഡലം എം എൽ എ കെ രാമചന്ദ്രൻ  പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

ജില്ലയിൽ ആദ്യമായി പ്രധാന പദ്ധതിയായി ഇ ഹെൽത്ത് പദ്ധതി അവതരിപ്പിക്കുന്നത് പുതുക്കാട് താലൂക്ക് ആശുപത്രിയാണ്. സംസ്ഥാനത്ത് ആദ്യമായി കൊടകര ബ്ലോക്ക് പഞ്ചായത്താണ് ബ്ലോക്ക് വിഹിതം വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതും. 24.60 ലക്ഷണ് ഇതിനായി വകയിരുത്തിയത്.

സർക്കാർ ആശുപത്രികളെ കമ്പ്യൂട്ടർവൽക്കരിച്ച് കേന്ദ്രീകൃതമായതും മെച്ചപ്പെട്ടതുമായ സേവനം നൽകാൻ രൂപീകരിച്ച പദ്ധതിയാണിത്. കമ്പ്യൂട്ടർ സംവിധാനത്തിലൂടെ പൊതു ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് മികച്ച ചികിത്സ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ആശുപത്രികളിൽ എത്തുന്നവർക്ക് തുടർ ചികിത്സ ഉറപ്പാക്കാനും ഇതിലൂടെ കഴിയും.കൊടകര പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എം ബാബുരാജ്,  ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീല ജോർജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഓ അജയഘോഷ് പി ആർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി വിൽസൻ, ജില്ലാ ഇ ഹെൽത്ത്‌ അഡിഷണൽ നോഡൽ ഓഫീസർ ഡോ പി കെ രാജു, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിനോജ് ജോർജ് മാത്യു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.