വയനാട്: തിങ്കളാഴ്ച ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന കേശവേട്ടനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല ടീച്ചര്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ടീച്ചറെ കാണണമെന്ന ആഗ്രഹം കേശവേട്ടന്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മാനന്തവാടി വാളാട് കോളിച്ചാലിലെ ചെറിയ കുന്നിന്‍ മുകളിലെ വീട്ടിലെത്തിയപ്പോള്‍ സമയം 7.30. നല്ല മഴ; വൈദ്യുതി ഇടക്കിടെ പോകുന്നു.

കേശവേട്ടനെ പിടിച്ച് അടുത്തിരുത്തിയ ശേഷം കുശലം പറഞ്ഞ് തുടങ്ങിയ ടീച്ചര്‍ അദ്ദേഹത്തിന്റെ നോട്ട്ബുക്കും ടെക്സ്റ്റ് ബുക്കും ആവശ്യപ്പെട്ടു. നോട്ട്ബുക്ക് മറിച്ച് നോക്കിയ ടീച്ചര്‍ അത്ഭുതപ്പെട്ടു. വടിവൊത്ത അക്ഷരങ്ങള്‍; വാചകങ്ങളും ഖണ്ഡികകളും വൃത്തിയായി എഴുതിയിരിക്കുന്നു. ശേഷം ടീച്ചര്‍ പ്ലസ്ടു മലയാളം തുല്യതാ പാഠപുസ്തകമെടുത്ത് ഏതെങ്കിലുമൊരു പാഠഭാഗം വായിക്കാമോന്ന് ചോദിച്ചപ്പോള്‍ കേശവേട്ടന്‍ ആദ്യം തുറന്നെടുത്ത പേജിലെ വരികള്‍ വായിച്ച ടീച്ചറുടെ മുഖം വാടി. കണ്ണീര്‍ കണങ്ങള്‍ കേശവേട്ടന്‍ കാണാതിരിക്കാനായി ശ്രമിച്ചു. മലയാളം പ്രൊഫസര്‍ കൂടിയായ ടീച്ചര്‍ കണ്ട വരികള്‍ ഇതായിരുന്നു. ‘നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോകയാണ്. നീ മാത്രം …’ ബഷീറിന്റെ ‘അനര്‍ഘനിമിഷ’ ത്തിന്റെ തുടക്കം…

കഴിഞ്ഞ ദിവസം വയനാട് ഒരു പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയിലൂടെയാണ് കേശവേട്ടന്‍ എന്ന പഠിതാവിനെ ടീച്ചര്‍ അറിഞ്ഞത്. കാന്‍സര്‍ രോഗിയാണ്, അറുപത്തിയഞ്ചു വയസാണ്, പഠിക്കുകയാണ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ഇതൊക്കെ അറിഞ്ഞ ശേഷം ഫോണ്‍ നമ്പര്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററില്‍ നിന്ന് സംഘടിപ്പിച്ച് വിളിച്ചു. കേശവേട്ടന്റെ ഊര്‍ജ്ജ മുള്ള വാക്കുകള്‍- ജീവന്‍ പോകുന്നത് വരെ പഠിക്കും, അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കും. ആ ഉറച്ച വാക്കുകള്‍ തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല. കൂടാതെ കവിത യെഴുതും കഥാപ്രസംഗം പറയും. സംസ്ഥാന സാക്ഷരതാ മിഷന്റെ സംസ്ഥാന കലോത്സവ വിജയി കൂടെയാണ് കേശവേട്ടന്‍.

കേശവേട്ടന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വാട്‌സാപ്പിലൂടെ സംഘടിപ്പിച്ച ടീച്ചര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. നോബിള്‍ ഗ്രേഷ്യസിന് അയച്ചു കൊടുത്തു. അദ്ദേഹത്തില്‍ നിന്ന് രോഗത്തെ കുറിച്ച് വിശദമായി മനസിലാക്കി. അതിന് ശേഷമാണ് തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷയ്ക്ക് മുന്‍പ് തന്നെ കേശവേട്ടനെ കാണണമെന്ന് ടീച്ചര്‍ക്ക് തോന്നിയത്. കനത്ത ഇരുട്ടും ഇടുങ്ങിയ വഴിയും ഇരു വശത്തും കൊഴുത്തു വളര്‍ന്നു നില്‍ക്കുന്ന തീറ്റപ്പുല്ലുകളും- എന്തുകൊണ്ടും അപരിചിതമായ ഇടമാണ്. വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റം കുടയും പിടിച്ച് കയറിയപ്പോള്‍ കേശവേട്ടനും ഭാര്യ സുകുമാരി ചേച്ചിയും കാത്തു നില്‍ക്കുന്നു. അവര്‍ മാത്രമാണ് ആ വീട്ടിലുള്ളത്.

യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൂടി കേശവേട്ടന്‍ ടീച്ചറെ എടുത്തു കാണിച്ചു. ‘എന്തെങ്കിലും ചികിത്സ ഉണ്ടോ?’ കണ്ണു നിറഞ്ഞ ടീച്ചര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു ‘ ഇപ്പോള്‍ കയ്യിലുള്ള മരുന്നുകള്‍ കഴിച്ചാല്‍ മതി’ ആശ്വസിപ്പിച്ചും പരീക്ഷയ്ക്ക് ആശംസകളും നേര്‍ന്ന് പടിയിറങ്ങുമ്പോള്‍ സമയം ഏറെ വൈകിയിരുന്നു. മുറ്റത്തെ വഴുവഴുപ്പും ഇറക്കവും പേമാരിയും എല്ലാം മനസ്സിനെ തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ‘ സംഘം മടങ്ങുമ്പോഴും ടീച്ചറുടെ അന്തരംഗത്തെ അലട്ടലും വിമ്മിട്ടവും അകന്നിട്ടില്ലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കാരണം ഒന്ന് കൂട്ടിപ്പിടിച്ച് സ്വയം ആശ്വസിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ. ‘കേശവേട്ടന്‍ പ്രതീക്ഷകളോടെ പരീക്ഷ എഴുതട്ടെ ‘ അത്രമാത്രം.

ടീച്ചറുടെ സംഘത്തിനൊപ്പം സംസ്ഥാന സാക്ഷരതാമിഷന്‍ പ്രൊജക്ട് സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഇ വി അനില്‍, സാക്ഷരതാ മിഷന്‍ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക് ജസി തോമസ് എന്നിവര്‍ കൂടിയുണ്ടായിരുന്നു.