വയനാട്: കോവിഡ് കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുമ്പോള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച് മുന്നോട്ടു വരണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭ്യര്‍ഥിച്ചു. വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ വിദ്യാഭ്യാസ രീതിയിലേക്ക് ഇനി പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. കോവിഡ് വെല്ലുവിളി അവസാനിച്ചാലും ഡിജിറ്റല്‍ പഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ നൂറു ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയേ തീരു. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് മാത്രമാവില്ല. കക്ഷി ഭേദമന്യേ നിയമസഭയില്‍ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവരും പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പങ്കാളിത്തം വഹിക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ബീനാച്ചി സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ പൊതുവിഭാഗത്തില്‍ 6419 വിദ്യാര്‍ഥികള്‍ക്കും പട്ടികവര്‍ഗക്കാരില്‍ 20703 കുട്ടികള്‍ക്കുമാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗാഡ്‌ജെറ്റ് ചാലഞ്ച് പദ്ധതി ഊര്‍ജിതമാക്കിയും തദ്ദേശ സ്ഥാപനങ്ങള്‍, സി.എസ്.ആര്‍ ഫണ്ടുകള്‍, വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെ പിന്തുണ വഴിയും ഇവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടന്നു വരികയാണ്. നെറ്റ്‌വര്‍ക്ക് തീരെ ലഭ്യമല്ലാത്തതും ഭാഗികമായി മാത്രം ലഭിക്കുന്നതുമായ 113 ലൊക്കേഷനുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ ഒരുക്കി വരികയാണ്. 40 ലൊക്കേഷനുകളിലെ വര്‍ക്കുകള്‍ക്ക് ഭരണാനുതി നല്‍കി കഴിഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക, ജില്ലയിലെ നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം എന്‍.ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.