നെടുങ്ങോലത്ത് ക്ഷീരോദ്പ്പാദക സഹകരണ സംഘം ആരംഭിച്ച കേരള ഫീഡ്‌സ് ഉല്‍പന്നങ്ങളുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. കോവിഡ് കാലത്ത് ബുദ്ധിമുട്ടുകളനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഗുണമേന്മ യുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ കേരള ഫീഡ്‌സ് സ്ഥാപനങ്ങള്‍ വഴി ലഭിക്കും. പാലുല്‍പ്പാദനത്തിലും ഇറച്ചി ഉല്‍പ്പാദനത്തിലും മുന്‍നിരയിലെത്താന്‍ ഇത്തരം സംരംഭങ്ങള്‍ ആവശ്യമാണ്. ഉപയോഗശേഷം ബാക്കിയാക്കുന്ന പാല്‍ പൊടിയാക്കി മാറ്റുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കും, മന്ത്രി വ്യക്തമാക്കി.
ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീല ദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് അംഗം എസ്. രജനീഷ്, നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. സുഭഗന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജയലാല്‍ ഉണ്ണിത്താന്‍, ആര്‍.ജെയിന്‍ കുമാര്‍, എന്‍. സത്യദേവന്‍, വി.എം.സുധീന്ദ്ര ബാബു, സംഘം സെക്രട്ടറി എസ്. രാജി തുടങ്ങിയവര്‍ പങ്കെടുത്തു.
