ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ ഊര് വിദ്യാ കേന്ദ്രത്തിലേക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ലാപ്ടോപ്പ് കൈമാറി. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും പഠന പിന്തുണയ്ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന പദ്ധതിയാണ് ഊര് വിദ്യാകേന്ദ്രം. കരിമണ്ണൂര്‍ ബി.ആര്‍.സി. യുടെ പരിധിയിലുള്ള ഏക ഊര് വിദ്യാ കേന്ദ്രമാണ് തടിയനാലില്‍ പ്രവര്‍ത്തിക്കുന്നത്. ബി.ആര്‍.സി അധ്യാപകരുടെയും സമീപ സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും സേവനം ഊര് വിദ്യാ കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഊരില്‍ നിന്നുള്ള വോളണ്ടീയര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. ഇതിലൂടെ കുട്ടികള്‍ക്ക് കലാകായിക രംഗത്ത് മുന്നേറുന്നതിനുള്ള പ്രത്യേക പരിശീലനം, കൗണ്‍സലിംഗ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. സമഗ്ര ശിക്ഷ വോളണ്ടീയര്‍ക്ക് ഹോണറേറിയം റിഫ്രഷ്മെന്റ് ഉള്‍പ്പടെ നല്‍കിക്കൊണ്ടാണ് ഊര് വിദ്യാകേന്ദ്രം നടത്തുന്നത്. രക്ഷിതാക്കളുടേയും, ഊര് മൂപ്പൻമാരുടേയും, ഗ്രാമപഞ്ചായത്ത് അധികൃതരുടേയും പിന്തുണയും ഊര് വിദ്യാ കേന്ദ്രത്തിനുണ്ട്.

സമഗ്ര ശിക്ഷ ഇടുക്കിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയ ലാപ്ടോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു വിദ്യാകേന്ദ്രം അധികൃതര്‍ക്ക് കൈമാറി. ഊരുമൂപ്പന്‍ സുധാകരന്‍, ബി.പി.സി. സിന്റോ ജോസഫ്, ബി.ആര്‍.സി. ട്രെയിനര്‍ ഷീല തോമസ്, നാളിയാനി ജി.എല്‍.പി.എസ്. അദ്ധ്യാപകന്‍ ജെയിംസ്. കെ.ജേക്കബ്, ഊരുവിദ്യാകേന്ദ്രം വോളണ്ടീയര്‍ ആതിര ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.