കോഴിക്കോട്: മാലിന്യ നിർമാർജനം ലക്ഷ്യമിട്ടുള്ള ‘ഹരിതം സുന്ദരം ഓമശ്ശേരി ‘ പദ്ധതിക്ക് തുടക്കമായി. എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സ്ഥിരവരുമാനവും പഞ്ചായത്തിന് സുസ്ഥിര മാലിന്യ നിർമ്മാർജ്ജന-സംസ്കരണ ഉപാധിയും ഉറപ്പു നൽകുന്നതാണ് പദ്ധതി.

ഓമശ്ശേരി പഞ്ചായത്തിലെ വീടുകളിൽനിന്നും ആഗസ്റ്റ് 2 മുതൽ മാലിന്യങ്ങൾ ശേഖരിക്കും. സ്വകാര്യ ഏജൻസിയായ ഗ്രീൻ വേംസുമായി കരാറിലേർപ്പെട്ടാണ് പദ്ധതി നടപ്പാക്കുക. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രീൻ വേംസിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിക്കഴിഞ്ഞു. പ്രവർത്തനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഉപകരണങ്ങളും ഉറപ്പ് വരുത്തുമെന്ന് ഗ്രീൻ വേംസ് അധികൃതർ അറിയിച്ചു. പഞ്ചായത്തിനുള്ള എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നിർമ്മാണത്തിന്റെ പ്രവർത്തികളും പുരോഗമിക്കുന്നുണ്ട്.

ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാമണി, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി. പ്രകാശ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധിക്, ഗ്രീൻ വേംസ് പ്രതിനിധികളായ ജാബിർ കാരാട്ട്, ഷമീർ ബാവ, ബാസിത്,
ആരോഗ്യ-വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ്മാർ, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ ഫാഷിദ് വി.സി.സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപു രാജ് നന്ദിയും പറഞ്ഞു.