കാസർഗോഡ്: ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.

ഓൺലൈനിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കോവിഡ് പരിശോധന കുറയുന്നതാണ് ടി പി ആർ കൂടുന്നതിന് കാരണമെന്ന് വിലയിരുത്തി. കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് തീരുമാനിച്ചു.

ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും.
പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി പിബി രാജീവ്, എഡിഎം എ കെ രമേന്ദ്രൻ, എ എസ് പി ഹരിശ്ചന്ദ്ര നായിക്, ഡി എം ഒ കെ ആർ രാജൻ, സബ് കളക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ്, ഫിനാൻസ് ഓഫീസർ കെ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.