കാസർഗോഡ്: ജില്ലയിൽ ഓൺലൈൻ ഡിജിറ്റൽ പഠനത്തിന് ജില്ലയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുന്നതിനും പ്രാദേശിക സർക്കാറുകളുടെ ശക്തമായ ഇടപെടലിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഇതിനായി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജൂലൈ 31 നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.

പി ടി എ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം തേടണമെന്നും നിർദ്ദേശിച്ചു ഡിജിറ്റൽ പഠന സൗകര്യം വിലയിരുത്താൻ ഓൺ ലൈനിൽ നടത്തിയ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

എഡ്യുക്കേഷൻ എംപവർമെൻ്റ് ഫണ്ട് വിനിയോഗിക്കണം. ജില്ലയിലെ മൊബൈൽ നെറ്റ് വർക്ക്‌ സർവീസ് പ്രൊവൈഡർമാരുടെ യോഗം നടത്തിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. പട്ടികവർഗ മേഖലയിൽ ഡിജിറ്റൽ സേവനം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ പഠന സൗകര്യം ഉറപ്പുവരുത്താൻ ജില്ലാതല കർമസമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണെന്ന് ഡി ഡി ഇ കെ വി പുഷ്പ യോഗത്തിൽ പറഞ്ഞു