സ്ത്രീ സുരക്ഷ, ലിംഗസമത്വം, സ്ത്രീധന വിരുദ്ധ പ്രചരണം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘കനല്‍’ പദ്ധതിയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാനന്തവാടിയില്‍ തുടക്കമായി. പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍, ആവശ്യമായ നിയമ സഹായം, കൗണ്‍സിലിങ്ങ് നല്‍കുക തുടങ്ങിയ പരിപാടികളാണ് കനല്‍ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പ്രചരണം നടത്തും.

മാനന്തവാടി പോലീസ് സ്റ്റേഷന്‍, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നടന്ന പോസ്റ്റര്‍ പ്രചരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.വിജോള്‍, സി.ഡി.പി.ഒ. ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.

മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍കരീം, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റോയ്.പി.സി. ബിജു ആന്റണി, രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ബഷീര്‍, എ.ഷൈല, അജീഷ എന്നിവര്‍ പങ്കെടുത്തു. താലൂക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എല്‍.എ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.യു.സിതാര, എസ്.ബിന്ദു, രാജേഷ് എം. സി തുടങ്ങിയവര്‍ പങ്കെടുത്തു.