സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ജില്ലയിൽ നിന്ന് 580 പേർ പരീക്ഷയെഴുതി. പ്ലസ്ടുവിന് 304 പേരും, പ്ലസ് വണ്ണിനു 276 പേരുമാണ് പരീക്ഷ എഴുതിയത്. ജില്ലയിലെ നാല് പരീക്ഷാകേന്ദ്രങ്ങളിലായി 145 പുരുഷന്മാരും, 433 സ്ത്രീകളും, 2 ട്രാൻസ്ജെൻസർമാരുമാണ് പരീക്ഷയ്ക്കെത്തിയത്. 139 എസ്.ടി പഠിതാക്കളും, 26 എസ്.സി പഠിതാക്കളും, 7 ഭിന്നശേഷി പഠിതാക്കളും ഇതിൽ ഉൾപ്പെടും.
പരീക്ഷ എഴുതിയതിൽ 20 വയസ്സുകാരനായ ആർ. വിഷ്ണു, 65 വയസ്സുകാരനായ വി.പി. കേശവൻ എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞതും, കൂടിയതുമായ പരീക്ഷാർത്ഥികൾ. മാനന്തവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ജൂലൈ 31 വരെയാണ് പരീക്ഷ.