സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, ആവശ്യമായ നിയമ സഹായം, കൗണ്‍സലിങ് എന്നിവ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ‘കനല്‍ ‘ ബോധവത്ക്കരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. ആരോഗ്യം-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ഇടുക്കി ജില്ലാതല കനല്‍ ‘ ബോധവത്ക്കരണ പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായുള്ള 181 മിത്ര ഹെല്‍പ് ലൈന്‍ നമ്പര്‍ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാതല ഉദ്ഘാടനത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെബിന്‍ ലോലിത സെന്‍, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസി തോമസ് . മഹിളാ ശക്തികേന്ദ്ര, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
