എറണാകുളം: ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല ക്യാമ്പയിന് രൂപം നൽകാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു.
പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ കർമസമിതി വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ഈ മാസം 31 നകം ക്യാമ്പയിന് രൂപം നൽകി അടുത്ത മാസം 15 – ന് ക്യാമ്പയിന് തുടക്കം കുറിക്കും. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനഉപകരണങ്ങൾ ഉറപ്പാക്കുന്നതിന്നായുള്ള ജില്ലാതല കർമസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്ക്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സർവ്വശിക്ഷാ അഭിയാൻ, ഗ്രാമീണ വികസന വകുപ്പ്, കുടുംബശ്രീ അധികൃതർ എന്നിവർ പങ്കെടുത്തു.