കാക്കനാട്: കുട്ടികളുടെ മാനസികാരോഗ്യം മുന്നിൽ കണ്ട് എറണാകുളം ജില്ല വനിതാ ശിശു വികസന വകുപ്പിലെ 68 വനിതാ സൈക്കോ സോഷ്യൽ കൗൺസലേഴ്സ് രൂപം നൽകിയ മെഗാ ക്യാമ്പയിൻ” ഞങ്ങളില്ലാ” വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ റ്റി.വി അനുപമ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് കുട്ടികളനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെ വലുതാണെന്ന് ഡയറക്ടർ അഭിപ്രായപ്പെട്ടു.ഇത് ഓൺലൈൻ ഗെയിമിലേയ്ക്കും മറ്റു പല പെരുമാറ്റ പ്രശ്നങ്ങളിലേയ്ക്കുമാണ് കുട്ടികളെ നയിക്കുന്നത്. ഇത്തരം ക്യാമ്പയിൻ നടത്താൻ മുന്നോട്ട് വന്ന എറണാകുളം ജില്ലയിലെ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ ഉദ്യമം അഭിനന്ദനാർഹമാണ്. ക്യാമ്പയിൻ കോവിഡ് കാലം മുഴുവൻ തുടർന്ന് പോകേണ്ടതും കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി വളരെ ശാസ്ത്രീയമായ രീതിയിൽ ബോധവൽക്കര ക്ലാസുകൾ നൽകണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു. ഐ സി ഡി എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെ മായാലക്ഷ്മി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ഡോ.പ്രേമ് ന ശങ്കർ, ശിശു സംരക്ഷണ ഓഫീസർ സിനി കെ എസ് .സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ സുബൈർ കെ.കെ എന്നിവർ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ ഈ പുതിയ ചുവടുവയ്പിന് എല്ലാ ആശംസകളും വകുപ്പുതലത്തിലുള്ള എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.
ജില്ലയിലെ മുഴുവൻ ശിശു വികസന പദ്ധതി ഓഫീസർമാരുടെ പ്രതിനിധിയായി ഇന്ദു വി.സ്, ഐസി ഡി എസ് സൂപ്പർവൈസർമാരുടെ പ്രതിനിധിയായി പ്രിയാ സി.ആർ, അംഗൻവാടി വർക്കേഴ്സ് പ്രതിനിധിയായി സൂസൻ എന്നിവരും ആശംസയർപ്പിച്ചു. സൈക്കോ സോഷ്യൽ കൗൺസലറായ മഹിതാ വിപിനചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. സൈക്കോ സോഷ്യൽ കൗൺസലർ ഹണി വർഗീസ് നന്ദി പറഞ്ഞു.