ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് 2828 പേർക്ക് കോവിഡ് പരിശോധന നടത്തി വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി. സർക്കാർ ആശുപത്രികളിലെ ഒ.പി. വിഭാഗത്തിൽ ചികിത്സയ്ക്കായെത്തുന്നവരിൽ കോവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്്ച മുതലാണ് പരിശോധന ആരംഭിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കുമാണ് കോവിഡ് പരിശോധന നടത്തുന്നത്. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് 2828 പേർക്ക് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 26 പേരിൽ രോഗം കണ്ടെത്തി. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരിൽ കോവിഡ് മാനദണ്ഡപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ സൗകര്യമുള്ളവരെ വീടുകളിലേക്ക് മടക്കി അയയ്ക്കും. അല്ലാത്തവരുടെ രോഗാവസ്ഥ അനുസരിച്ച് ഡി.സി.സി., സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി., കോവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റും. ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുന്നവരെ ചീട്ടെടുത്ത ശേഷം കോവിഡ് പരിശോധന നടത്തിയ ശേഷമേ ഒ.പി.യിലേക്ക് വിടൂ. ഇതിനായി പ്രധാന കെട്ടിടത്തിൽ മൂന്നു കൗണ്ടറും പഴയ കെട്ടിടത്തിലെ ഒരു കൗണ്ടറും അടക്കം നാല് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. റാപിഡ് ആന്റിജൻ ടെസ്റ്റാണ് നടത്തുന്നത്. രാവിലെ എട്ടു മണി മുതൽ ഒ.പി. സമയം അവസാനിക്കുന്നത് വരെയാണ് പരിശോധന. ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതും ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്നതും ഇവിടെ തന്നെ. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, എൻ.എച്ച്്.എം. പി.ആർ.ഒ. ബെന്നി അലോഷ്യസ്, അണുബാധ നിയന്ത്രണ വിഭാഗത്തിലെ നഴ്‌സുമാരായ അമ്പിളി, വീണ, എൻ.എച്ച്.എം. ലാബ് ടെക്നീഷ്യന്മാർ, സപ്പൊർട്ട് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.