കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ പദ്ധതി പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഘട്ടമായി 84 ഗുണഭോക്താക്കള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി പാരാമെഡിക്കല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാഹനങ്ങളുടെ താക്കോല്‍ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടര്‍ ജീവന്‍ബാബു കെ. യും ചേര്‍ന്ന് നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കുഞ്ഞിരാമന്‍, എന്‍മകജെ പഞ്ചായത്തിലെ ഭാരതി എന്നീ രണ്ട് ഗുണഭോക്താക്കള്‍ക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി താക്കോല്‍ നല്‍കിയത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ഗുണഭോക്താക്കളില്‍ 74 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സാങ്കേതിക ന്യൂനതകള്‍ പരിഹരിച്ച് കെല്‍ട്രോണ്‍ വഴിയാണ് വാഹനങ്ങള്‍ വിതരണം ചെയ്യുന്നത്. ഏകദേശം 75000 രൂപ വരുന്ന വാഹനം പൂര്‍ണമായും സബ്‌സിഡിയോടെയാണ് നല്‍കുന്നത്. പദ്ധതിക്കായി 62.11 ലക്ഷം രൂപ ചെലവായി. രണ്ടാം ഘട്ടമായി 46 പേര്‍ക്കുകൂടി വാഹനം നല്‍കുന്നതിന്റെ നടപടികള്‍ നടന്നുവരികയാണ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എ.പി.ഉഷ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദാ സക്കീര്‍ അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീല്‍, ഡിഎംഒ ഡോ.ദിനേശ് കുമാര്‍, ആര്‍ടിഒ ബാബു ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍ നന്ദിയും പറഞ്ഞു.