പി.എന്‍.പണിക്കരും ഐ.വി.ദാസും വായനയെ ജനപക്ഷമാക്കുന്നതില്‍ പ്രയത്‌നിച്ചവരായി രുന്നുവെന്ന് സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ ടികെഡി മുഴുപ്പിലങ്ങാട് പറഞ്ഞു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമുള്ള പിഎന്‍ പണിക്കരുടെ ആശയങ്ങള്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ സാര്‍ത്ഥകമായി. ഐ.വി ദാസിലൂടെ അത് കേരളക്കരയുടെ വടവൃക്ഷമായി വളര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി ജയദേവന്‍ അധ്യക്ഷത വഹിച്ചു. കെവി രാഘവന്‍ മാസ്റ്റര്‍, ഡയറ്റ് ലെക്ചറര്‍ കെ.രമേശന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എ. സമീനയും സംഘവും അവതരിപ്പിച്ച മലയാള കഥാപ്രസംഗവും ഖദീജത്ത് സാക്കിയയുടെ കന്നട കഥാപ്രസംഗവും അരങ്ങേറി. കെ. ഉണ്ണിക്കൃഷ്ണന്‍  മലയാളത്തിലും അനുഷ കന്നടയിലും കവിതാലാപനം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ സ്വാഗതവും ടീച്ചര്‍ എജ്യൂക്കേറ്റര്‍ എം. അശോക നന്ദിയും പറഞ്ഞു.