കാസർഗോഡ്: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ തീരുമാനപ്രകാരം കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ‘ചിരസ്മരണ’ എന്ന പേരിൽ വിപുലമായ പരിപാടികൾ, മത്സരങ്ങൾ, പഠനയാത്ര തുടങ്ങിയവ സംഘടിപ്പിക്കും. 1942ലെ കയ്യൂർ കർഷകസമരവുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകി പഞ്ചായത്ത്, ജില്ലാതലങ്ങളിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും.
ബിആർസിയിൽ ചേർന്ന ആലോചനയോഗം പരിപാടികൾക്ക് രൂപം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ അധ്യക്ഷത വഹിച്ചു. ഡിഡിഇ കെ.വി പുഷ്പ, പ്രൊഫ. കെ.പി. ജയരാജൻ, പ്രൊഫ. വി. കുട്ട്യൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ വി. ദിലീപ്, സർവ്വശിക്ഷ കേരള ജില്ലാ പ്രോഗ്രാം മാനേജർ രവീന്ദ്രൻ മാസ്റ്റർ, ഡയറ്റ് അധ്യാപകർ, സോഷ്യൽ സയൻസ് ക്ലബ്ബ്, എൻഎസ്എസ്, ബിആർസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും. സാമാജ്യത്യവിരുദ്ധ പോരാട്ടങ്ങൾക്ക് കയ്യൂർ സമരത്തിന്റെ സംഭാവനയാണ് വിഷയം. എ ഫോർ പേപ്പറിൽ എഴുതി തയ്യാറാക്കിയ പ്രബന്ധം വിദ്യാലയ മേലധികാരി സാക്ഷ്യപത്രത്തോട് കൂടി നൽകണം.
ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി വിവിധ കേന്ദ്രങ്ങളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. സ്‌കൂൾതല മത്സരത്തെ തുടർന്ന് പഞ്ചായത്ത്/ നഗരസഭാതല മത്സരങ്ങൾ നടക്കും. വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ അതത് കേന്ദ്രങ്ങളിൽ കുട്ടികൾ എത്തിച്ചേരണം. ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി ‘ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ കാസർകോട് ജില്ലയിൽ നടന്ന ജനകീയ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ പഠന പ്രൊജക്ട് മത്സരം സംഘടിപ്പിക്കും. മലയാളം, കന്നഡ ഭാഷകളിൽ പ്രൊജക്ട് തയ്യാറാക്കാം.
അഞ്ച് പേർ വീതമുള്ള ഓരോ സംഘങ്ങളായി വേണം പ്രൊജക്ട് തയ്യാറാക്കി അവതരിപ്പിക്കേണ്ടത്. സ്‌കൂളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഒരു പ്രൊജക്ട് വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ അതത് ഉപജില്ലാ ഓഫീസുകളിൽ ലഭ്യമാക്കണം. യു പി വിഭാഗം വിദ്യാർഥികൾക്കായി വിവിധ കേന്ദ്രങ്ങളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. സ്‌കൂൾതല മത്സരത്തിൽ തെരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി പഞ്ചായത്ത്/ നഗരസഭാതല മത്സരങ്ങൾ നടക്കും. വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ അതത് കേന്ദ്രങ്ങളിൽ കുട്ടികൾ എത്തിച്ചേരണം.
യു പി വിഭാഗം വിദ്യാർഥികൾക്കായി ജീവചരിത്ര നിഘണ്ടു തയ്യാറാക്കൽ മത്സരം നടത്തും. കാസർകോട് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ അറിയാം എന്നതാണ് വിഷയം. മലയാളത്തിലും കന്നഡയിലും നിഘണ്ടു തയ്യാറാക്കാം. എ ഫോർ പേപ്പറിൽ എഴുതി തയ്യാറാക്കിയ നിഘണ്ടു വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ അതത് ഉപജില്ലാ ഓഫീസുകളിൽ ലഭ്യമാക്കണം.
എൽ പി വിഭാഗം വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരം കാസർകോട് ജില്ലയിൽ (പഴയ ‘കാസർകോട് താലൂക്കിൽ ) എന്നതാണ് വിഷയം. മലയാളത്തിലും കന്നഡയിലും മത്സരം നടക്കും. ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സമര പഠനയാത്ര സംഘടിപ്പിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠനയാത്രയിൽ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകം, പൈവളിഗെ, കാടകം, ഉബൈദ് സ്മാരകം- വായനശാല, രാവണേശ്വരം, ബേക്കൽകോട്ട, ബെള്ളിക്കോത്ത്, അതിയാമ്പൂർ ഏ സി കണ്ണൻനായർ സ്മാരകം, മാന്തോപ്പ് മൈതാനം, മടിക്കൈ ഏച്ചിക്കാനം, നീലേശ്വരം രാജാസ്, കുട്ടമത്ത് സ്മാരകം, കയ്യൂർ സമര കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിക്കും.
വിവിധ കേന്ദ്രങ്ങളിൽ എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപന ജന പ്രതിനിധികൾ ചരിത്ര പണ്ഡിതർ തുടങ്ങിയവർ സംബന്ധിക്കും.