മലപ്പുറം: നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്‌സിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം കോംപ്ലക്‌സ് നിര്‍മിക്കുന്നത്. 18.26 കോടിയാണ് നിര്‍മാണച്ചെലവ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, അമിനിറ്റി സെന്റര്‍, വി.ഐ.പി പവലിയന്‍, 400 മീറ്റര്‍ ട്രാക്കിന്റെ നിര്‍മാണം എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഫുട്ബോള്‍ ടര്‍ഫിനോട് അനുബന്ധിച്ച് സ്പ്രിംഗ്ലര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
സിന്തറ്റിക് ട്രാക്ക്,  പരിശീലന നീന്തല്‍കുളം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 400 മീറ്ററില്‍ ട്രാക്കുള്ള  നിലമ്പൂര്‍ താലൂക്കിലെ  ആദ്യത്തെ സ്റ്റേഡിയമായി മിനി സ്റ്റേഡിയം മാറും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളും കോച്ചിങ് ക്ലാസുകളും ഇവിടെ നടത്താനാവും.